തിരുവനന്തപുരം: ഓഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷക്കാലം കാര്‍ഷിക മൊറട്ടോറിയം നല്‍കാന്‍ എസ്.എല്‍.ബി.സി തീരുമാനം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ മൊറട്ടോറിയം നല്‍കേണ്ട വിഷയം എസ്.എല്‍.ബി.സി സബ്കമ്മറ്റി തീരുമാനിക്കും. 

കൃഷി ഉപജീവന മാര്‍ഗമാക്കിയ കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും ഈ മൊറട്ടോറിയം ആനുകൂല്യം നല്‍കാനാണ് ഇന്നത്തെ എസ്.എല്‍.ബി.സി യോഗം തീരുമാനിച്ചിരിക്കുന്നത്.

ഇത്തവണ 1038 വില്ലേജുകളാണ് പ്രളയ ബാധിതമായി കണക്കാക്കിയത്. നോട്ടിഫിക്കേഷന്‍ വന്ന ഓഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷക്കാലം മൊറട്ടോറിയം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് മൊറട്ടോറിയം ഒരു വര്‍ഷക്കാലത്തേക്ക് അനുവധിച്ചപ്പോഴും 1250 ഓളം ദുരിത ബാധിതമായ വില്ലേജുകളിലെ കര്‍ഷകര്‍ക്ക് അവരുടെ വായ്പകള്‍ പുനര്‍ക്രമീകരിക്കാന്‍ സാധിച്ചിരുന്നില്ല. പത്ത് ശതമാനത്തോളം ആളുകള്‍ മാത്രമേ വായ്പ പുനര്‍ക്രമീകരിച്ചികരുന്നുള്ളു. അവര്‍ക്ക് മാത്രമേ മൊറട്ടോറിയം അനുമതിയും ലഭിച്ചിരുന്നുള്ളു.
 
ഈ സാഹചര്യത്തില്‍ കൃഷി വകുപ്പിന്റെയും ബാങ്കുകളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ വായ്പകള്‍ പുനക്രമീകരിക്കാന്‍ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് രൂപീകരിച്ച ഉപസമിതി ഇത്തവണയും തുടരും. ഒരു വര്‍ഷത്തിലധികം മൊറട്ടോറിയം നീട്ടുന്ന കാര്യം ഉപസമിതി പരിഗണിക്കും. 50 ശതമാനത്തിലധികം കൃഷി നാശം ഉണ്ടായവര്‍ക്കും ഭൂമി നഷ്ടമാവവര്‍ക്കുമാകും മൊറട്ടോറിയം നീട്ടി നല്‍കുന്നത് പരിഗണിക്കുക.

content highlights: SLBC Moratorium on agricultural, farmers’ loans