-
പൈനാവ്: ഇടുക്കി ജില്ലയില്‍ വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപതായി. വണ്ടന്‍മേട്, ഉപ്പുകണ്ടം, ഏലപ്പാറ(2), വണ്ടിപ്പെരിയാര്‍ (2) എന്നിങ്ങനെയാണ് പുതിയ രോഗികള്‍.
വണ്ടന്‍മേട്ടില്‍ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ മലപ്പുറത്തുനിന്നാണ് മാര്‍ച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടില്‍ എത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു.
ചെമ്പകപ്പാറ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50കാരന്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ജര്‍മനിയില്‍ നിന്നു സ്‌പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്തുനിന്നു വന്നതിനാല്‍ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഏലപ്പാറ പി.എച്ച്.സി.യിലെ 41 കാരിയായ ഡോക്ടര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ, മൈസൂറില്‍ നിന്ന് വന്ന രോഗബാധിതനായ വ്യക്തിയുടെ അമ്മയില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഡോക്ടര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗബാധിതന്റെ അമ്മ ഏലപ്പാറ പി.എച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു.
ഏലപ്പാറ സ്വദേശിനിയായ 54 കാരിയാണ് മറ്റൊരു രോഗി. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടില്‍ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.
വണ്ടിപ്പെരിയാറിലെ താമസക്കാരായ അച്ഛനും (35), ഏഴു വയസുള്ള മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ പോയി എപ്രില്‍ 12ന് വീട്ടില്‍ മടങ്ങിയെത്തി. പിന്നീട് അച്ഛന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.
ആറു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
content highlights: six tested positive for corona in idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..