നെടുമ്പാശ്ശേരി: അടുത്ത വര്‍ഷത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് പുതുതായി ആറ് വിമാനങ്ങള്‍ കൂടി ലഭിക്കും. ആറും ബോയിങ് 737800 വിമാനങ്ങളാണ്. ഈ വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതാണ്. ഘട്ടം ഘട്ടമായി 2016 ഡിസംബറോടെയാണ് വിമാനങ്ങള്‍ എത്തുക.

പുതുതായി എത്തുന്ന വിമാനങ്ങളുടെ റൂട്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം 28 ന് നെടുമ്പാശ്ശേരി ഫ്‌ളോറ ഹോട്ടലില്‍ നടക്കും. പുതിയ സി.എം.ഡി. അശ്വിനി ലൊഹാനി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണിത്. പുതുതായി ലഭിക്കുന്ന വിമാനങ്ങളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നു തന്നെയായിരിക്കും സര്‍വീസ് നടത്തുക. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ കോഴിക്കോട്ടു നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ കൂടും. ഉത്തരേന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നുണ്ട്.  പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദ്യമായി ലാഭത്തിലെത്തിയത്. 100 കോടിയോളം രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷത്തെ വരവ്‌ചെലവ്, ലാഭനഷ്ട കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയെല്ലാം യോഗം ചര്‍ച്ച ചെയ്യും. സിഇഒ കെ. ശ്യാം സുന്ദര്‍, ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നുമുള്ള ഡയറക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.