തൃശ്ശൂര്‍: തൃശ്ശൂര്‍ അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററില്‍ റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് ജയില്‍ ജീവനക്കാര്‍ അറസ്റ്റില്‍. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കോവിഡ് കെയര്‍ സെന്ററില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കോവിഡ് കെയര്‍ സെന്ററില്‍ ക്രൂരമര്‍ദനം നടന്നിരുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ജയില്‍വകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഷെമീറിന് മര്‍ദനം ഏറ്റിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവരും പറഞ്ഞിരുന്നു. കൂടാതെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. കഞ്ചാവ് കേസിലാണ് ഷെമീറിനെയും ഭാര്യയെയും മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തതിനു ശേഷം അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്.
content highlights: six jail officials arrested in connection with death of accused in thrissur covid care centre