തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ വിശദീകരണം നല്‍കുകയാണ്.

അതേസമയം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിട്ടില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി സഭയിലെത്താതിരിക്കുന്നത്. നിയമസഭാ കയ്യാങ്കളിക്കേസിലെ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു.

കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ഇതിനു പിന്നാലെ പ്രതിപക്ഷം ശിവന്‍കുട്ടിയുടെ രാജിക്കായി മുറവിളി കൂട്ടുകയായിരുന്നു. ശിവന്‍കുട്ടിയുടെ രാജിക്കു വേണ്ടിയുള്ള പ്രതിഷേധം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

content highlights: sivankutty resignation: opposition submits adjournment motion notice