ശ്രീനാരായണ ധര്‍മം ജീവിതവ്രതമാക്കിയ ഋഷിവര്യന്‍; ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി


ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി, പ്രാര്‍ഥനാപൂര്‍വമായ കര്‍മനിര്‍വഹണം, ധര്‍മനിഷ്ഠ, നിശ്ചയദാര്‍ഢ്യം എന്നിവയാണ് സ്വാമിയുടെ ജീവിതത്തെ ധന്യമാക്കിത്തീര്‍ത്തത്.

ശിവഗിരി: ശ്രീനാരായണ ധര്‍മം ജീവിതവ്രതമാക്കിയ ഋഷിവര്യനും ഗുരുദേവന്റെ സന്ന്യാസി ശിഷ്യപരമ്പരയിലെ പ്രമുഖനുമായിരുന്നു സ്വാമി പ്രകാശാനന്ദ. ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ഗുരുനാഥനായിരുന്നു സ്വാമി. മൂന്നു തവണ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ അധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. 1995, 2006, 2011 വര്‍ഷങ്ങളിലാണ് അദ്ദേഹം ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായത്. 1970 മുതല്‍ 1979 വരെ ധര്‍മസംഘം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി, പ്രാര്‍ഥനാപൂര്‍വമായ കര്‍മനിര്‍വഹണം, ധര്‍മനിഷ്ഠ, നിശ്ചയദാര്‍ഢ്യം എന്നിവയാണ് സ്വാമിയുടെ ജീവിതത്തെ ധന്യമാക്കിത്തീര്‍ത്തത്.