ഡോ. ജോസ് സെബാസ്റ്റ്യൻ | Photo: Special Arrangement
കേരളം കടത്തിന്റെ പിടിയിലെന്നത് വ്യാജപ്രചരണമാണോ? കേരളത്തിന് മദ്യവും ഭാഗ്യക്കുറിയുമല്ലാതെ മറ്റ് വരുമാനങ്ങളില്ലേ? അങ്ങനെ ഒരുപാടുണ്ട് ചോദ്യങ്ങള്‍. ബജറ്റ് എന്നത് ഒരു കണക്ക് പുസ്തകമാണ്. വരവും ചെലവും കൃത്യമായി വരച്ചുകാട്ടുന്ന രേഖ. അതിലെ പ്രഖ്യാപനങ്ങള്‍ എങ്ങനെവേണം? സാമ്പത്തിക വിദഗ്ധന്‍ ജോസ് സെബാസ്റ്റ്യനുമായുള്ള അഭിമുഖം തുടരുന്നു..
കേരളത്തിന്റെ വരുമാനത്തില്‍ നല്ലൊരു ശതമാനവും മദ്യവും ഭാഗ്യക്കുറിയും വഴിയാണ് ലഭിക്കുന്നതെന്ന ആരോപണം ഏറെനാളായുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇത് ഉന്നയിക്കുകയും അത് പിന്നീട് വിവാദങ്ങളുണ്ടാക്കുകയും ചെയ്തു. ശരിക്കും കേരളത്തിനെ താങ്ങിനിര്‍ത്തുന്നത് മദ്യവും ഭാഗ്യക്കുറിയുമാണോ?
മദ്യവും ഭാഗ്യക്കുറിയേയും ആശ്രയിച്ചാണ് കേരളം നിലനില്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. അങ്ങനെയല്ല, കേരളം മദ്യത്തിനെയും ഭാഗ്യക്കുറിയെയും ഒരുപാട് ആശ്രയിക്കുന്നില്ല എന്ന് ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. 1970-1971 വര്‍ഷത്തില്‍ കേരളത്തിന്റെ തനത് വരുമാനത്തിന്റെ 14.77 ശതമാനം മാത്രമായിരുന്നു മദ്യം- ഭാഗ്യക്കുറി എന്നിവയില്‍ നിന്ന് ലഭിച്ചിരുന്നത്. പക്ഷെ, ഇന്നത് കേദേശം 37 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. അത് സൂചിപ്പിക്കുന്നതെന്താണ്? നമ്മുടെ മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും നികുതി ഭാരം കുറഞ്ഞുവരുകയും അത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ചുമലിലേക്ക് മാറ്റപ്പെടുകയും ചെയ്തുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനെ ആര്‍ക്കും നിഷേധിക്കാനൊക്കില്ല.
എന്തുകൊണ്ടാണ് കേരളത്തില്‍ ഭാഗ്യക്കുറിക്ക് ഇത്രമാത്രം പ്രാധാന്യമേറിയത് എന്ന് പരിശോധിക്കണം. മറ്റ് പല സംസ്ഥാനങ്ങളും സാധാരണക്കാരുടെ വരുമാനത്തിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ കണക്കിലെടുത്ത് ഭാഗ്യക്കുറി നിരോധിച്ചിട്ടുണ്ട്. പക്ഷെ, ഇന്ത്യയിലെ ഭാഗ്യക്കുറി വരുമാനത്തിന്റെ ഏകദേശം 85 ശതമാനവും കേരളത്തില്‍ നിന്നാണ് എന്നത് എത്രപേര്‍ക്കറിയാം. കേരളമാണ് ഭാഗ്യക്കുറിയെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കുന്നത്. ഇതിനേപ്പറ്റി പല വീക്ഷണങ്ങളുമുണ്ട്. അതിലൊന്ന് രണ്ടരലക്ഷം ആളുകളാണ് ഭാഗ്യക്കുറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത് എന്നതാണ്. ഒരുപാട് പേര്‍ക്ക് വരുമാനമുണ്ടാക്കുന്ന ഒന്നാണ് ഭാഗ്യക്കുറിയെന്നാണ് വാദം.
ഞാനൊന്ന് ചോദിക്കട്ടെ, സമൂഹത്തിലെ ഏറ്റവും സാധാരണക്കാര്‍ ഭാഗ്യാന്വേഷികളായി മാറുകയാണ്. കോവിഡിന് ശേഷം ഭാഗ്യക്കുറി വില്‍പ്പന പതിന്മടങ്ങ് വര്‍ധിച്ചു. അതിന്റെ ഭാഗമായി പുതിയതായി പല ഏജന്‍സികളും തുടങ്ങി. ഭാഗ്യക്കുറി വില്‍പ്പന 10,000 കോടിയിലേക്ക് വര്‍ധിക്കുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് പറയുന്നത്. ഇത്രമാത്രം ജനങ്ങള്‍ ഭാഗ്യക്കുറിക്ക് അടിമപ്പെടുന്നതിന്റെ കാരണമെന്താണ്. അധ്വാനിച്ച് സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നതിന് പകരം അവരെ ഭാഗ്യാന്വേഷികളായി മാറ്റുന്നുവെങ്കില്‍ ഒരു സര്‍ക്കാരിനും അത് ഭൂഷണമല്ല, അത് വളരെ തെറ്റായ കാര്യമാണ്.
അതിന്റെപേരില്‍ കുറേയാളുകള്‍ക്ക് ജീവനോപാധിയുണ്ടാകുന്നുവെന്നാണ് വാദം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ലൈംഗിക തൊഴിലും സ്വര്‍ണക്കടത്തുമൊക്കെ നിയമവിധേയമാക്കി കൂടാ. അവയൊക്കെ തൊഴിലും അതുമായി ബന്ധപ്പെട്ടവര്‍ക്ക് വരുമാനവും ജീവനോപാധിയുമുണ്ടാകുന്നുണ്ട്. അതുകൊണ്ട് തൊഴില്‍ സൃഷ്ടിക്കുന്നുണ്ട് എന്നതുകൊണ്ട് മാത്രം ഭാഗ്യക്കുറിയെ ഒരുകാരണവശാലും ന്യായീകരിക്കാനാകില്ല. അത് വളരെ അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്.
അപ്പോള്‍ ഭാഗ്യക്കുറി വേണ്ട എന്നാണോ പറഞ്ഞുവരുന്നത്?
ഭാഗ്യക്കുറിമൂലം ദരിദ്രരാകുന്ന ഒരുപാട് ജനങ്ങളുണ്ട് എന്നാണ് അടുത്തിടെ വന്നൊരു പഠനം പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു വ്യക്തി അയാളുടെ ജീവിതകാലത്ത് ഏകദേശം മൂന്ന് കോടി രൂപയുടെ ഭാഗ്യക്കുറികളെടുത്തിരുന്നുവെന്നാണ്. പക്ഷെ, അയാള്‍ക്ക് ആകെ ലഭിച്ചത് വെറും 50,000 രൂപയുടെ മാത്രം സമ്മാനമാണ് എന്ന് ആ പഠനത്തില്‍ സൂചിപ്പിക്കുന്നു. ഭാഗ്യക്കുറി മൂലം വലിയ തുക സമ്മാനം ലഭിച്ചവരേപ്പറ്റി എല്ലാവരും പറയും. അതുമൂലം ദരിദ്രരാകുന്നവരേപ്പറ്റി ഒരു പഠനവും നടക്കുന്നില്ല. ഇതുണ്ടാക്കുന്ന നേട്ടവും കോട്ടവും പരിശോധിച്ചാല്‍ ഭാഗ്യക്കുറിവഴി സര്‍ക്കാര്‍ കേരളത്തിലെ സാധാരണക്കാരോട് കാണിക്കുന്നത് വലിയൊരു അനീതിയാണ് എന്ന് ബോധ്യപ്പെടും.
ഇതുപോലെ തന്നെയാണ് മദ്യം. യഥാര്‍ഥത്തില്‍ മദ്യപാനം നിരുത്സാഹപ്പെടുത്താനാണ് എന്ന് പറഞ്ഞാണ് മദ്യത്തിന് മേല്‍ 251 ശതമാനം നികുതി ചുമത്തുന്നത്. ബിവറേജ് കോര്‍പ്പറേഷനില്‍ നിന്ന് ഞാനൊരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. 25 മദ്യ ഇനങ്ങളുടെ വാങ്ങല്‍ വിലയും വില്‍പ്പന വിലയുമാണ് അതില്‍ ചോദിച്ചിരുന്നത്. ആ വിവരത്തില്‍ കാണുന്നത് 100 രൂപയ്ക്ക് വാങ്ങുന്ന മദ്യം അവര്‍ വില്‍ക്കുന്നത് 1100 രൂപയ്ക്ക് ഒക്കെയാണ് എന്നുള്ളതാണ്. ഇതിന്റെ 75 ശതമാനം വരും എക്സൈസ് ഡ്യൂട്ടിയും സെയില്‍സ് ടാക്സും. ഏറ്റവും വിലകുറഞ്ഞ മദ്യം കഴിക്കുന്നത് സാധാരണക്കാരാണ്. ഇങ്ങനെ നോക്കിയാല്‍ അവരില്‍ നിന്ന് സര്‍ക്കാര്‍ കവരുന്നത് എത്രത്തോളം വലിയ തുകയാണ് എന്ന് കാണാം.
കേരളത്തിലേറ്റവും കൂടുതല്‍ തുക ഖജനാവിലേക്ക് ഒടുക്കുന്നത് നിത്യവും അല്പം മദ്യപിക്കുന്ന, ഭാഗ്യക്കുറി എടുക്കുന്ന ഒരു ഓട്ടോറിക്ഷക്കാരനാകും. അയാള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത് എന്നിരിക്കട്ടെ. രാവിലെ അഞ്ച് ലിറ്റര്‍ പെട്രോള്‍ അടിക്കുന്നുവെന്ന് കരുതാം. അപ്പോള്‍ തന്നെ അയാള്‍ സര്‍ക്കാരിന് 30 ശതമാനം നികുതി കൊടുത്തുകഴിഞ്ഞു. വൈകുന്നേരം ഏറ്റവും ചുരുങ്ങിയത് 150 രൂപ കൊടുത്ത് ഒരു ക്വാര്‍ട്ടര്‍ മദ്യം വാങ്ങിയാല്‍ അതില്‍ 100 രൂപയിലധികം നികുതി സര്‍ക്കാരിലേക്ക് അടച്ചുകഴിഞ്ഞു. അതിന് ശേഷം ഭാഗ്യം പരീക്ഷിക്കാന്‍ 40 രൂപ മുടക്കി ഒരു ഭാഗ്യക്കുറി എടുക്കുന്നു. അതിന്റെ 12 ശതമാനം നികുതിയും സര്‍ക്കാരിലേക്ക് ഒടുക്കുന്നു. ഇങ്ങനെ നോക്കിയാല്‍ അയാള്‍ ഒരുമാസം ശരാശരി ഉണ്ടാക്കുന്ന വരുമാനവും അയാള്‍ ഖജനാവിലേക്ക് അടക്കുന്ന നികുതിയും കണക്കിലെടുത്ത് നോക്കിയാല്‍ കേരളത്തില്‍ യുജിസി ശമ്പളം വാങ്ങുന്ന പ്രൊഫസര്‍മാരുടെയും സര്‍ക്കാരിലെ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഒക്കെ ഒടുക്കുന്ന നികുതിയേക്കാള്‍ വളരെ കൂടുതലാണെന്ന് കാണാം. ഇതാണ് നാട്ടിലെ യാഥാര്‍ഥ്യം.
മദ്യപാനം നിയന്ത്രിക്കണമെന്നുണ്ടെങ്കില്‍ അത് ആവശ്യമുള്ളവര്‍ക്ക് നിശ്ചിത അളവില്‍ കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള മദ്യം റേഷന്‍കട വഴി വിതരണം ചെയ്യാന്‍ സാധിക്കണം. ഇതുവഴി മദ്യപാനികളുടെയും അല്ലാത്തവരുടെയും കൃത്യമായ കണക്കും ലഭിക്കും. യഥാര്‍ഥത്തില്‍ ചാരായനിരോധനമാണ് ഇതിന്റെ പ്രധാന കാരണം. 50 രൂപയ്ക്ക് മദ്യപിക്കാന്‍ സാധിക്കുമായിരുന്ന സാധാരണക്കാരന് ഇപ്പോള്‍ 150 രൂപ മദ്യത്തിന് വേണ്ടി മുടക്കേണ്ടിവരുന്നു. അതുവഴി മദ്യപാനം നിയന്ത്രിക്കാനായില്ല എന്നുള്ളത് വേറെ കാര്യം. ഇങ്ങനെയാണ് സ്റ്റേറ്റ് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത്.
നികുതി പിരിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമായ കാര്യമാണല്ലോ. പക്ഷെ, അതുപോരാതെ വരുന്നതുകൊണ്ടല്ലെ കടമെടുക്കേണ്ടി വരുന്നത്?
ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്? സ്റ്റേറ്റ് സാധാരണക്കാരില്‍ നിന്ന് കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കുകയും അതേസമയം തന്നെ സമ്പന്നരും മധ്യവര്‍ഗവും നികുതി ഭാരത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്നു. നികുതി പിരിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. അതിന് പകരം വര്‍ഷങ്ങളായി കടമെടുത്തുവന്നു. ഇന്നിപ്പോള്‍ നികുതി പിരിവ് ബുദ്ധിമുട്ടാണ്. കാരണം നികുതി പിരിവ് എന്നത് ഒരു സമൂഹം വര്‍ഷങ്ങള്‍ നീളുന്ന പ്രകൃയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഒരു സംസ്കാരമാണ്.
സന്നദ്ധമായ നികുതി പിരിവ്, അതിന് ആനുപാതികമായി പൊതുസേവനങ്ങളുടെ നിലവാരമുയരുന്നുണ്ടോ തുടങ്ങിയവയൊക്കെ ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. കേരളത്തിനത് നഷ്ടപ്പെട്ടു. നികുതി നല്‍കാനുള്ള ശേഷിയില്‍ വലിയ വര്‍ധനവുണ്ടായിട്ടും നികുതിയുടെ അടിത്തറ വര്‍ധിച്ചില്ല. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി അന്യോന്യം മത്സരിച്ച് നികുതി ഇളവുകളും നികുതി ഒഴിവാക്കിയും നമ്മുടെ വിഭവ അടിത്തറ തകര്‍ത്തു. ഇന്നിപ്പോള്‍ കടമെടുപ്പല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ പറ്റാത്ത സ്ഥിതിയായി. പക്ഷെ ഇപ്പോള്‍ കടമെടുപ്പിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വലിയ തടസം തന്നെ ഉണ്ടായിരിക്കുന്നു. സത്യത്തിലിത് ഉര്‍വശി ശാപം ഉപകാരം എന്നതുപോലെ ഒരു നല്ലകാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.
കാരണം കടമെടുക്കാന്‍ പറ്റില്ല എന്ന് വന്നാല്‍ പിന്നെയുള്ള മാര്‍ഗം പൊതുവിഭവ സമാഹരണത്തിലേക്ക് തിരിയുക, അല്ലെങ്കില്‍ ചെലവുകള്‍ ചുരുക്കുക എന്നുള്ളത് മാത്രമാണ്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റില്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണം. അങ്ങനെ കാണുകയാണെങ്കില്‍ കേരളത്തിന് ഭാവിയുണ്ട്.
കേരളം നികുതി പിരിക്കുന്നത് കര്‍ശനമാക്കുന്നുവെന്ന് കരുതുക. സ്വന്തമായി വലിയ വ്യവസായങ്ങള്‍ ഇല്ലാത്ത കേരളത്തിന് എങ്ങനെ പുതിയ വിഭവ സമാഹരണം സാധ്യമാകും? ജിഎസ്ടി വന്നതോടു കൂടി നികുതി പിരിവില്‍ സംസ്ഥാനത്തിന്റെ അധികാരം നഷ്ടപ്പെടുക കൂടി ചെയ്ത സാഹചര്യത്തില്‍ ഇതിനെ എങ്ങനെ മറികടക്കാനാകും?
കേരളത്തിന് നികുതി പിരിക്കാന്‍ അധികം സാധ്യതകളില്ല എന്നുള്ള പ്രചാരണമുണ്ട്. ജിഎസ്ടി വന്നതോടു കൂടി നികുതി പിരിവില്‍ സംസ്ഥാനത്തിന്റെ അധികാരം നഷ്ടപ്പെട്ടുവെന്ന വാദത്തിന് വലിയ അടിസ്ഥാനവുമില്ല. ജിഎസ്ടി വന്നതോടുകൂടി നികുതി നിരക്കുകള്‍ കുറഞ്ഞുവെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ, അതിനൊപ്പം സേവനങ്ങള്‍ക്ക് മേല്‍ നികുതി പിരിക്കാനുള്ള പുതിയ സാധ്യതയും തുറന്നുകിട്ടി. ഇവിടെ ചെയ്യേണ്ടത് നികുതി കൊടുക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും നികുതിയിലൂടെ ലഭിക്കുന്ന വരുമാനം ജാഗ്രതയോടെയാണ് ചെലവഴിക്കുന്നത് എന്ന് സര്‍ക്കാര്‍ തെളിയിക്കുകയും വേണം.
ഇവിടെയാണ് ചെലവ് ചുരുക്കലിന്റെയും ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെയും പ്രാധാന്യം. ധൂര്‍ത്ത് ഒഴിവാക്കിയാല്‍ ഏതാണ്ട് 100 കോടി രൂപയല്ലേ പരമാവധി ലാഭിക്കാനാകൂ എന്ന് പലരും പറയാറുണ്ട്. പക്ഷെ, ചെലവ് ചുരുക്കലിന് സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോള്‍ അതിലൂടെ ഒരു സന്ദേശം ജനങ്ങളിലേക്ക് പകരുകയാണ്.
10 വര്‍ഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന, ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഡോ. മന്മോഹന് സിങ്, അദ്ദേഹത്തിന്റെ ചികിത്സകള്‍ക്കെല്ലാം ആശ്രയിച്ചിരുന്നത് എയിംസിനെ ആയിരുന്നു. അതിന് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോയിട്ടില്ല. നേരെ മറിച്ച് നമ്മുടെ നാട്ടില്‍ കാണുന്നത്, മന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം വിദേശത്തേക്കാണ് ചികിത്സയ്ക്ക് പോകുന്നത്. ഇത് തെറ്റായൊരു സന്ദേശം സമൂഹത്തിന് പകരും. ചെലവ് ചുരുക്കുന്നതിന്റെ പ്രാധാന്യമെന്തെന്നാല്‍ അത് നികുതി നല്കാന് ജനങ്ങളെ പ്രേരിപ്പിക്കും എന്നുള്ളതാണ്. ആ രീതിയിലുള്ള കാഴ്ചപ്പാട് വളര്‍ത്തിയെടുത്താല്‍ നികുതി പിരിവ് കൂടുതല്‍ എളുപ്പമായി മാറും.
ഇതിന് പുറമെ സമ്പന്നരില്‍ നിന്ന് കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്തണം. വസ്തുനികുതി, വൈദ്യുതി ചാര്‍ജ്, അവരുപയോഗിക്കുന്ന സേവനങ്ങളുടെ മേലുള്ള നികുതി ഇവയൊക്കെ വര്‍ധിപ്പിക്കണം. സ്വകാര്യ ആശുപത്രിക്ക് തുല്യമായ തുക സമ്പന്നര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ചികിത്സകള്‍ക്കായി ഈടാക്കണം. ആഡംബര നികുതികൂടുതല് ചുമത്തണം. അതിന് വേണ്ടി ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കണം.
വെറുതെ കിടക്കുന്ന കണ്ണായ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഭൂമി വിപണി നിരക്കില്‍ പാട്ടത്തിന് കൊടുത്ത് അതില്‍ നിന്ന് വരുമാനം കണ്ടെത്തണം. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക വര്‍ധിപ്പിക്കാം. പിന്നെയുള്ളത് ആംനെസ്റ്റി പദ്ധതിയാണ്. ഏതാണ്ട് 20,000 കോടി രൂപയാണ് പലവിധ നികുതികളായി പിരിഞ്ഞുകിട്ടാന്‍ കുടിശ്ശികയുള്ളത്. അതില്‍ വാറ്റ് നികുതിയും ജിഎസ്ടിയുമുണ്ട്, ലാന്‍ഡ് റെവന്യു, ലീസ് റെന്റ് അങ്ങനെ പല രീതിയിലാണ് കുടിശ്ശിക കിടക്കുന്നത്. അതൊക്കെ പിരിച്ചുകിട്ടുന്നതില് സര്‍ക്കാര്‍ കടുംപിടിത്തം പിടിക്കുന്നതിന് പകരം ഉദാരമായ രീതിയില്‍ ആംനെസ്റ്റി സ്കീമുകള്‍ നടപ്പിലാക്കുകയാണെങ്കില്‍ വിഭവങ്ങള്‍ സമാഹരിക്കാന്‍ കഴിയും.
പലപ്പോഴും നിയമങ്ങളില്‍ ഉദ്യോഗസ്ഥര്‍ കടുംപിടിത്തം പിടിക്കുന്നതുമൂലമാണ് ആംനെസ്റ്റി സ്കീമുകള്‍ നേട്ടമാകാതെ പരാജയപ്പെടുന്നത്. ആംനെസ്റ്റി സ്കീമുകള്‍ പ്രഖ്യാപിച്ചാലും നികുതിയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നില്ല. ഇതിന് പകരം വിഭവങ്ങള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടിവരുന്ന സാഹചര്യത്തില്‍ ഉദാരമായ പദ്ധതികള്‍ ആവിഷ്കരിച്ച് അത് കണ്ടെത്തുകയാണ് വേണ്ടത്.
അഭിമുഖത്തിന്റെ ആദ്യ ഭാഗം വായിക്കാം- ക്രിക്കറ്റ് കാണാനാളില്ല, ചെറുപ്പക്കാരുടെ കൈയില്‍ പണമില്ല; ബജറ്റില്‍ കേരളത്തിന്റെ സ്ഥിതിയെന്ത്?
Content Highlights: situation of kerala in the next budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..