ക്രിക്കറ്റ് കാണാനാളില്ല, ചെറുപ്പക്കാരുടെ കൈയില്‍ പണമില്ല; ബജറ്റില്‍ കേരളത്തിന്റെ സ്ഥിതിയെന്ത്‌?


ഡോ. ജോസ് സെബാസ്റ്റ്യന്‍/ വിഷ്ണു കോട്ടാങ്ങല്‍ 

atm money

കേരളം മറ്റൊരു ബജറ്റ് പ്രഖ്യാപനത്തിന് കാതോര്‍ക്കുകയാണ്. പൊതുകടം 3.90 ലക്ഷം കോടി കടന്ന അസാധാരണമായ അപകട നിലയിലാണ് കേരളം. സാധാരണക്കാര്‍ നികുതി ഭാരത്താല്‍ വലയുമ്പോള്‍ വീണ്ടും നികുതി വര്‍ധിപ്പിക്കാനുള്ള തത്രപ്പാടിലാണ് ധനവകുപ്പ്. കടമെടുപ്പിന് കേരളത്തിന് കേന്ദ്രത്തിന്റെ വക മൂക്കുകയര്‍ വന്നതോടെ ഇനി പഴയതുപോലെയാവില്ല കാര്യങ്ങള്‍. കേരളം ഇനിയെങ്കിലും ധനകാര്യ ഉത്തരവാദിത്വത്തിലേക്ക് പോകുമോ? കടുത്ത ഇച്ഛാശക്തിയോടെ നികുതിപിരിവും യാഥാര്‍ഥ്യബോധത്തോടെയുള്ള വിനിയോഗവും സാധ്യമാകുമോ? അങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് കേരളത്തിന്റെ കടപരിധി അപകടകരമായ നിലയിലാണ്. പൊതുകടം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 29 ശതമാനം കവിയരുത് എന്നാണ് ധനകാര്യ ഉത്തരവാദിത്വ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ കേരളത്തിന്റെ കടം 39.1 ശതമാനത്തിലെത്തി. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ കടവും സാമൂഹ്യ സാഹചര്യവും ബജറ്റിന് മുന്നോടിയായി വിലയിരുത്തുകയാണ് സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ. ജോസ് സെബാസ്റ്റ്യന്‍.

കേരളത്തിന്റെ പൊതുകടം വര്‍ധിക്കുകയാണ്, അതുയര്‍ത്തുന്ന അപകടവും പ്രതിസന്ധികളും എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കുമോ? കടം ഒരു കെണിയായി മാറുകയാണോ?

കേരളത്തിന്റെ കടം, അത് വര്‍ധിച്ചുവരുന്നതിന്റെ നിരക്ക് 2000 ന് ശേഷം വളരെ കൂടി എന്ന് കാണാം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കടം ഇരട്ടിയാകുന്ന സ്ഥിതിയുണ്ട്. ഇത് അത്രവലിയ പ്രശ്‌നമല്ല എന്നൊരു അഭിപ്രായം ഇടതുപക്ഷത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. വികസിത രാജ്യങ്ങളായ അമേരിക്കയുടെയും ജപ്പാന്റെയുമൊക്കെ കടത്തിന്റെ കണക്കുകളുമായാണ് അവര്‍ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയുള്ള കേരളത്തെ താരതമ്യം ചെയ്യുന്നത്. കേരളത്തിന്റെ സ്ഥിതിയെന്താണ്? കേരളത്തിന്റെ ജിഡിപിയുടെ 62% എന്ന് പറഞ്ഞാല്‍ അത് സേവനമേഖലയാണ്. ഈ മേഖല പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ പൊയ്ക്കാലില്‍ നിലനില്‍ക്കുന്ന ഒന്നാണ്. ഏതെങ്കിലും ഒരു കാരണത്താല്‍ ഈ വരുമാനം കുറയുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ( ജിഎസ്ഡിപി) കാറ്റുപോയ ബലൂണ്‍ പോലെ ചുരുങ്ങും.

കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രവാസികള്‍ തിരികെ വന്നതിനെ തുടര്‍ന്ന് നമ്മുടെ ജിഎസ്ഡിപി 9.12 ശതമാനം കുറയുകയാണ് ചെയ്തത് എന്നത് ഇതിന് ഉദാഹരണമാണ്. ആ സമയത്ത് ഇന്ത്യയില്‍ ഏറ്റവും കുറവ് ജിഎസ്ഡിപി വന്ന സംസ്ഥാനവും കേരളമാണ്. കടത്തേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. 2012 മുതല്‍ 2022 വരെയുള്ള 10 വര്‍ഷക്കാലത്ത് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അതാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ബലഹീനതയുടെ തെളിവ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ വ്യവസായവത്കൃത സംസ്ഥാനങ്ങളെയൊക്കെ താരതമ്യം ചെയ്ത് കേരളത്തിന്റെ കടം കുറവാണ് എന്നൊക്കെ പറയുന്നതിലെ യുക്തിഹീനത ഇവിടെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ച ഈ വര്‍ധനവ് തികച്ചും ആശങ്കാജനകമാണ്.

ഡോ. ജോസ് സെബാസ്റ്റ്യന്‍.

നമ്മുടെ പലിശ ബാധ്യത കൂടുമെന്നതാണ് ഇതിന്റെ മറുവശം. ഇപ്പോള്‍ തന്നെ മൊത്തം വരുമാനത്തിന്റെ 20 ശതമാനത്തോളം പലിശക്ക് വേണ്ടി മാറ്റിവെക്കേണ്ടി വരികയാണ്. ഇവിടെയുള്ള പരിഹാരം കടം കൂടുതല്‍ എടുക്കുക എന്നതല്ല, പകരം തനതായ വിഭവങ്ങള്‍ സമാഹരിക്കുക എന്നതാണ്.

തനത് വരുമാനം, കടം ഇതിനെയൊക്കെപ്പറ്റി വലിയ ധാരണ വച്ചുപുലര്‍ത്താത്തവരാണ് അധികവും ഇതിനെപ്പറ്റി എങ്ങനെ വിശദീകരിക്കാന്‍ സാധിക്കും?

തനത് വരുമാനവും കടവും തികച്ചും വ്യത്യസ്തമാണ്. കടമെന്നത് പലിശയോടൊപ്പം തിരികെ നല്‍കേണ്ടതാണ്. അതേസമയം പിരിക്കാവുന്നതും പിരിക്കേണ്ടതുമായ നികുതി പിരിക്കാതിരുന്നാല്‍ ആ വരുമാനം എന്നേക്കുമായി നഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച് പരോക്ഷ നികുതിയുടെ കാര്യത്തില്‍ ഇന്ന് ആ നികുതി പിരിച്ചില്ലെങ്കില്‍ പിന്നീട് അത് പിരിച്ചെടുക്കാന്‍ സാധിക്കില്ല. സംസ്ഥാനങ്ങളുടെ നികുതി വരുമാനമെന്ന് പറഞ്ഞാലത് ചരക്കുസേവന നികുതി ( ജിഎസ്ടി), സ്റ്റേറ്റ് എക്‌സൈസ് നികുതി തുടങ്ങിയ പരോക്ഷ നികുതികളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കാന്‍ ശേഷിയുള്ളവരാണ് കേരളത്തിലുള്ളത്. രാജ്യത്ത് ഇപ്പോഴും ആളോഹരി ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. രൂപീകരിക്കപ്പെട്ട കാലത്ത് കേരളം വളരെ ദരിദ്രമായ സംസ്ഥാനമാണ്. പക്ഷെ അന്നുപോലും ഇന്ത്യയുടെ തനത് വരുമാനത്തില്‍ കേരളത്തിന് 4.45 ശതമാനം പങ്കുണ്ടായിരുന്നു. പക്ഷെ 2019-2020 ആകുമ്പോള്‍ 4.3 ശതമാനമായി കുറയുകയാണ് ചെയ്തത്. കേരളത്തിന്റെ തനത് വരുമാനത്തിന്റെ 62 ശതമാനവും പെട്രോള്‍- ഡീസല്‍- ഇന്ധനം, മോട്ടോര്‍ വാഹനങ്ങള്‍, മദ്യം, ഭാഗ്യക്കുറി തുടങ്ങി നാല് ഇനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

കേരളത്തിന്റെ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ പണമൊടുക്കുന്നത് കേരളത്തിലെ പാവപ്പെട്ടവരും പുറമ്പോക്കില്‍ കിടക്കുന്നവരുമാണ്. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഈ അവസ്ഥ അധികമില്ല. കടമെടുക്കുന്ന തുക ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ കമ്മിറ്റഡ് എക്‌സ്പന്‍സുകള്‍ക്കായി 83 ശതമാനവും ചെലവിടേണ്ടി വരുന്നു. കേരളത്തിന്റെ 62 ശതമാനം ചെലവ് ശമ്പളവും പെന്‍ഷനുമാണ്. 21 ശതമാനം പലിശ ബാധ്യതയാണ്. പിന്നെ വരുന്ന 17 ശതമാനം കൊണ്ട് കാര്യങ്ങള്‍ നടത്താന്‍ സാധിക്കാതെ വരുമ്പോള്‍ വീണ്ടും കടമെടുക്കുന്നു. ഈ ഒരു ദൂഷിത വലയത്തില്‍ നിന്ന് മോചിതമാകാന്‍ പൊതുവിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ വിമുഖത ഇല്ലാതാക്കുക, ചെലവ് ചുരുക്കുക എന്നിവ മാത്രമാണ് പോംവഴി.

ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന പെന്‍ഷന്‍ സമ്പ്രദായം, അത് എല്ലാവര്‍ക്കും പങ്കാളിത്ത പെന്‍ഷനാക്കി മാറ്റുക എന്നതാണ്. കാരണം പെന്‍ഷന്‍ ബാധ്യത ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ 19 പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 12.23 ശതമാനമാണ് ശരാശരി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത് എന്നാല്‍ കേരളത്തില്‍ 22.87 ശതമാനമാണ് എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ ഈ ബാധ്യത കുറയ്ക്കുക എന്നതാണ് പ്രധാനം. 30-40 വര്‍ഷം ജോലി ചെയ്തവര്‍ക്ക് വീണ്ടുമൊരു 30 വര്‍ഷം കൂടി ശമ്പളം കൊടുക്കുന്ന രീതിയാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍. ശമ്പള പരിഷ്‌കരണം ഒക്കെ വരുമ്പോള്‍ പെന്‍ഷനിലും വര്‍ധനവ് ഉണ്ടാകുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തെ തുടര്‍ന്ന് ശമ്പള- പെന്‍ഷന്‍ ബാധ്യതയില്‍ 53 ശതമാനം വര്‍ധനവ് ഉണ്ടായി.

നിലവില്‍ 2013ന് മുമ്പ് സര്‍വീസില്‍ കയറിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ രീതിയാണ്. ഇത് പരിഷ്‌കരിച്ച് എല്ലാവര്‍ക്കും പങ്കാളിത്ത പെന്‍ഷനിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. 1600 രൂപ പെന്‍ഷന്‍ വാങ്ങുന്ന 57 ലക്ഷം വരുന്ന ക്ഷേമപെന്‍ഷന്‍ കാര്‍ക്ക് 4600 രൂപയാക്കി പെന്‍ഷന്‍ ഉയര്‍ത്താന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷനിലേക്ക് മാറ്റുന്നതുകൊണ്ട് മാത്രം സാധിക്കും. ഇങ്ങനെ വിഭവങ്ങളിലുണ്ടാകുന്ന ലാഭം സാധാരണ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനുപയോഗിക്കണം. സാധാരണക്കാരുടെ കൈയില്‍ പണം വരുമ്പോള്‍ അത് വിപണിയിലേക്ക് എത്തും. അത് ഡിമാന്‍ഡ് ഉയര്‍ത്തും. കച്ചവടം വര്‍ധിപ്പിക്കും. ഇതുവഴി ജിഎസ്ടി കിട്ടുന്നതില്‍ വലിയ മുന്നേറ്റമുണ്ടാകും.

പൊതുവിഭവങ്ങള്‍ സാധാരണ ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്ന രീതിയില്‍ ചെലവ് ചെയ്യുകയാണെങ്കില്‍ അത് വലിയ മാറ്റമാണുണ്ടാക്കുക. ഉയര്‍ന്ന ശമ്പളവും പെന്‍ഷനും വാങ്ങുന്നവരേ സംബന്ധിച്ച് അതില്‍ അധികവും വിപണിയിലേക്ക് എത്തുന്നില്ല. അതൊക്കെ ബാങ്ക് നിക്ഷേപങ്ങളോ മ്യൂച്ചല്‍ ഫണ്ടുകളോ ആയി മാറുകയാണ് ചെയ്യുന്നത്. 25 ശതമാനം പോലും ഇവരുടെ പെന്‍ഷനോ വരുമാനമോ വിപണിയില്‍ വരുന്നില്ല. എന്നാല്‍ സാധാരണ ജനങ്ങളുടെ കൈയിലെത്തുന്ന പണം അതില്‍ ഭൂരിഭാഗവും വിപണിയിലേക്ക് എത്തുന്നു. ഇത് പ്രതിസന്ധി കുറയ്ക്കാന്‍ സാധിക്കും.

ഈ പറയുന്ന രീതിയില്‍ കേരളത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ പ്രത്യക്ഷത്തിലെങ്ങനെ മനസിലാക്കാന്‍ സാധിക്കും? കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നമെന്താണ്?

കേരളത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടോയെന്ന് ചോദ്യങ്ങളുയരുന്നുണ്ട്. അതറിയണമെന്നുണ്ടെങ്കില്‍ എത്ര കടകള്‍ ഓരോ പ്രദേശത്തും പൂട്ടിക്കിടക്കുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ മതി. കോവിഡിന് മുമ്പ് സാധാരണ ഗതിയില്‍ പ്രവര്‍ത്തിച്ചിരുന്ന എത്ര വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ട് എന്ന തെളിവ് ശേഖരിച്ചാല്‍ മതി. ഇതുസംബന്ധിച്ച് ഞാന്‍ നടത്തിയ പഠനങ്ങളില്‍ കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും കടകള്‍ പൂട്ടിപ്പോയിട്ടുണ്ട് എന്നാണ്. ജനങ്ങളുടെ കൈയിലുള്ള വരുമാനം കുറഞ്ഞു. അതുകൊണ്ട് വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞു. ഇതാണ് പല സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയത്.

ഇതിന് ഏറ്റവും നല്ല ഉദാഹരണം പറയാം, 30000 കാണികള്‍ക്ക് ഇരിക്കാവുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദേശം 6102 പേര്‍ മാത്രമേ ടിക്കറ്റെടുത്ത് കളി കാണാന്‍ തയ്യാറായി വന്നുള്ളു. പലരും അതിനെ മന്ത്രിയുടെ തെറ്റായ പരാമര്‍ശം കൊണ്ടാണ് എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നുണ്ട്. പക്ഷെ, ഞാന്‍ മനസിലാക്കിയത് മറ്റൊരു തരത്തിലാണ്. നമ്മുടെ ചെറുപ്പക്കാരുടെ കൈയില്‍ ക്രിക്കറ്റ് കാണാന്‍ 1000 രൂപ മാറ്റിവെക്കാനില്ല എന്നുള്ളതാണ്. കാരണം ക്രിക്കറ്റിനേക്കാള്‍ ആവശ്യമായ മറ്റ് പല കാര്യങ്ങള്‍ക്കും പണം വേണം. ക്രിക്കറ്റ് കാണണമെന്നുണ്ടെങ്കില്‍ അത് ടിവിയില്‍ കാണാം. നേരേ മറിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്കൊഴിച്ച് ചെറിയ വിനോദങ്ങള്‍ക്ക് പോലും ചിലവഴിക്കാന്‍ അവരുടെ കൈയില്‍ പണമില്ല എന്നുള്ളത് വസ്തുതയാണ്.

ഒരുപാട് ചെറുപ്പക്കാരുടെ തൊഴിലുകള്‍ നഷ്ടപ്പെട്ടു. എല്ലാവര്‍ക്കും ഇപ്പോളും സ്ഥിരവരുമാനമില്ല. ഇതാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ. ഇതില്‍ നിന്ന് മാറ്റമുണ്ടാകണമെന്നുണ്ടെങ്കില്‍ ഈ വരുന്ന ബജറ്റിലെങ്കിലും ധനമന്ത്രി വളരെ ഭാവനാപൂര്‍ണമായ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുവരണം. വസ്തുനികുതിയൊക്കെ വര്‍ധിപ്പിക്കാനാണ് സാധ്യത. പക്ഷെ, അതിന് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുവരണം.

സമ്പന്ന- മധ്യവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് നികുതി പിരിക്കാനാകുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രശ്‌നം. ഉദാഹരണത്തിന് പെന്‍ഷനായി പിരിഞ്ഞവര്‍, അവര്‍ വിപണിയില്‍ ചെലവഴിക്കുന്ന തുക വളരെ കുറവാണ്. അവരില്‍ നിന്നെങ്ങനെയാണ് പിന്നെ പൊതുവിഭവങ്ങള്‍ സമാഹരിക്കാനൊക്കുന്നത്. ഇതിന് രണ്ട് മാര്‍ഗങ്ങളുണ്ട്. അതിലൊന്ന് ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ധിപ്പിക്കുക എന്നതാണ്. എയര്‍ കണ്ടീഷണറുകളടക്കം വലിയതോതില്‍ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണ് സമ്പന്ന- മധ്യവര്‍ഗ വിഭാഗത്തില്‍ വരുന്നവര്‍. ഇവര്‍ക്ക് വൈദ്യൂതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഭാരമായി മാറുന്നില്ല.

അതുപോലെ ആഡംബര ഭവനങ്ങളുടെ വസ്തുനികുതി വര്‍ധിപ്പിക്കണം. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍ വര്‍ധിപ്പിക്കാം. 1970-1971 കാലഘട്ടത്തില്‍ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ഫീസിന്റെ 5.56 ശതമാനവും പിരിച്ചിരുന്നുവെന്നാണ് കണക്കുകള്‍. അതിന്റെ സ്ഥാനത്ത് ഇന്ന് അത് വെറും 1.1 ശതമാനമായി കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇത് വെറും 10 ശതമാനം മാത്രം ഉയര്‍ത്തിയാല്‍ തന്നെ 4453 കോടി രൂപ അധികമായി പിരിഞ്ഞുകിട്ടും എന്നാണ് ഞാന്‍ കണ്ടെത്തിയത്. ഏകദേശം 45000 കോടിരൂപയാണ് ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ചെലവാക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജുകളിലും പ്രൊഫഷണല്‍ കേളേജുകളിലും ഫീസ് വര്‍ധിപ്പിച്ചാല്‍ എന്ത് പ്രതിസന്ധിയാണ് ഉണ്ടാകാനുള്ളത്?

ഒരു കുട്ടിയുടെ ശരാശരി മൊബൈല്‍ ഫോണിന് വേണ്ടി ചെലവഴിക്കുന്ന തുകയെന്നത് ശരാശരി 500 രൂപയോളമാണ്. അങ്ങനെ ഒരുവര്‍ഷം ശരാശരി 6000 രൂപയോളം ഫോണ്‍ ഉപയോഗത്തിന് വേണ്ടി മാത്രം ചെലവാക്കുന്ന വിദ്യാര്‍ഥി കോളേജുകളില്‍ കൊടുക്കുന്ന ഫീസ് 1000 രൂപയോ 1200 രൂപയോ ഒക്കെയാണ്. ഇങ്ങനെ മധ്യവര്‍ഗത്തെയും സമ്പന്ന വര്‍ഗത്തെയും സുഖിപ്പിച്ച്, സന്തോഷിപ്പിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പാവപ്പെട്ടവര്‍ പെട്രോളും മദ്യവും ഭാഗ്യക്കുറിയും വഴി ഖജനാവിലേക്ക് നികുതിയൊടുക്കുകയാണ് ചെയ്യുന്നത്. ഇതിന് എന്ത് നീതികരണമാണ് ഉള്ളത്. ഈ അനീതികള്‍ മാറ്റുക എന്നതാണ് കടക്കെണിയില്‍ നിന്ന് മാറാനുള്ള ഏറ്റവും എളുപ്പമായി മാര്‍ഗം.

(തുടരും)

അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം- 'കടമെടുപ്പില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം കേരളത്തിന് ഉപകാരമാകും, ലോട്ടറി വില്‍പന അനീതി'

Content Highlights: situation of kerala in the next budget


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented