തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും പ്രവർത്തകർ കൂറ്റൻ ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ | ഫോട്ടോ- എസ്. ശ്രീകേഷ്
തിരുവനന്തപുരം: ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരാക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ഗുരുതരമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
മോദിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഗുരുതരമായ കാര്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ബി.ബി.സി. ലോകവ്യാപകമായി പുറത്തിറക്കിയപ്പോള്‍ ബി.ബി.സി.യെ ദേശവിരുദ്ധരാക്കി. അദാനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ ബര്‍ഗിനെയും രാജ്യദ്രോഹിയായി മുദ്രകുത്തി. അദാനിയുടെ തട്ടിപ്പിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. ഏറെ കാര്യങ്ങള്‍ ഒളിപ്പിക്കാനുള്ളതിനാലാണ് മോദി അന്വേഷണത്തെ ഭയക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
മോദി പറയുന്നത് എന്നോട് എന്തു ചോദ്യവും ചോദിക്കൂ, എനിക്കു ഭയമില്ല, 140 കോടി ജനതയുടെ പിന്തുണ എനിക്കുണ്ട് എന്നാണ്. എങ്ങനെയാണ് ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ക്ക് ഒരു പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത്? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ 37% വോട്ട് മാത്രമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ബാക്കി 63% ബി.ജെ.പി.ക്കെതിരായാണ് വോട്ട് ചെയ്തത് എന്നോര്‍ക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇ.ഡി.ക്കെതിരെയും യെച്ചൂരി തുറന്നടിച്ചു. ഇ.ഡി.യെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇ.ഡി. കേസെടുക്കുന്നത് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമാണ്. 2014-ന് ശേഷം ഒന്‍പത് കൊല്ലംകൊണ്ട് 3554-ല്‍പരം കേസാണ് ഇ.ഡി. രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 23 കേസില്‍ മാത്രമാണ് ശിക്ഷിച്ചത്.
കേരളത്തെപ്പറ്റി തെറ്റായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന് നല്ല സര്‍ട്ടിഫിക്കറ്റാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയത്. ബി.ജെ.പി. ഇതര സര്‍ക്കാര്‍ എന്ന നിലയില്‍ ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്നും യെച്ചൂരി പറഞ്ഞു.
തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയിലായിരുന്നു ജനകീയ പ്രതിരോധ ജാഥയുടെ സമാപനച്ചടങ്ങ്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയുള്ള യാത്രയായിരുന്നു ഇത്. പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീല്‍ എന്നിവര്‍ യാത്രാംഗങ്ങളായിരുന്നു.
Content Highlights: sitaram yechury against bjp in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..