കൊച്ചി: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിക്കെതിരേ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. സ്ഥലംമാറ്റത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നും സംഭവത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സാഹിത്യകാരന്മാരായ സച്ചിദാനന്ദന്‍, ആനന്ദ്, മനീഷ സേഥി, സാമൂഹിക പ്രവര്‍ത്തക കവിതാ കൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 56 പേര്‍ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇവര്‍ക്കുപുറമേ 12 സ്ത്രീവിമോചന സംഘടനകളും കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം. മിഷിണറീസ് ഓഫ് ജീസസ് മദര്‍ സുപ്പീരിയര്‍ കന്യാസ്ത്രീകളോട് പ്രതികാരം ചെയ്യുകയുമാണെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു. ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പംനിന്നവരെ മാത്രമാണ് സ്ഥലംമാറ്റിയിരിക്കുന്നതെന്നും സിസ്റ്റര്‍ നീന റോസിനെ അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും കത്തില്‍ പറയുന്നു. പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ള കുറുവിലങ്ങാട് മഠത്തില്‍നിന്ന് കന്യാസ്ത്രീകളെ മാറ്റരുതെന്നും സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം. സ്ഥലംമാറ്റത്തിനെതിരേ നേരത്തെ കന്യാസ്ത്രീകളും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സാംസ്‌കാരിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.
Content Highlights: sisters from kuruvilangad nunnery get transfer, ngo's and cultural activists given letter to cm