പത്തനാപുരം:  കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സൂചന.  കുടുംബത്തില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി.  അന്തരിച്ച പിതാവ് ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട്‌ ഗണേഷിന്റെ സഹോദരി  ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. 

വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്.  വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് ഉഷ മോഹന്‍ ദാസ് വിശദീകരിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ ആയ ഗണേഷ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.  സഹോദരി ഉഷ മോഹന്‍ ദാസ് മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ടാണ് പരാതി ഉന്നയിച്ചത്.  വില്‍പ്പത്രം അഞ്ച് വര്‍ഷം മുന്നെ ബാലകൃഷ്ണ പിള്ള  എഴുതിവെച്ചിരുന്നു, 

ഗണേഷ് കുമാറിന്റെ പേര് മാത്രം വില്‍പ്പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണം. മെയ് 15നാണ് ഇവര്‍ കോടിയേരിയെ കണ്ടത്. 

ഇതേതുടര്‍ന്ന് കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് ആദ്യ ടേം മന്ത്രിസ്ഥാനത്തുനിന്ന് നിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം.

വിഷയത്തില്‍ ഒത്തുതീര്‍പ്പ് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് മന്ത്രിയാക്കിയാല്‍ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉള്‍പ്പെടുമെന്ന് കണ്ടാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ സിപിഎം അത് ആഗ്രഹിക്കുന്നില്ല. അതാണ് രണ്ടാം ടേം ആയാലും കുഴപ്പമില്ല എന്ന നിലപാട് എടുത്ത ആന്റണി രാജുവിന് ആദ്യ ടേം തന്നെ ലഭിക്കാനിടയാക്കിയത്‌.

2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഗണേഷ്‌കുമാറിന് പുറത്തുപോകേണ്ടി വന്നതും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു.

Content Highlight: Sister’s complaint Ganesh Kumar lost ministry