മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കാരക്കാമല എഫ്‌സിസി മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ അന്തിമ വിധി വരുന്നതുവരെ ലൂസിക്ക് മഠത്തില്‍ തന്നെ താമസിക്കാമെന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്. 

ഇത്രയും കാലം സേവനം നടത്തിയ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മറ്റൊരിടത്തേക്ക് ഇറങ്ങി പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

സന്ന്യാസിനി സഭയില്‍ നിന്ന് ലൂസിയെ പുറത്താക്കിയ നടപടിയില്‍ നേരത്തെ ഹൈക്കോടതിയിലും കേസുണ്ടായിരുന്നു. മാനന്തവാടി മുന്‍സിഫ് കോടതിയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നത്. 

സഭാ നടപടിക്കെതിരേ നല്‍കിയ മൂന്ന് അപ്പീലുകളും തള്ളി ലൂസിയെ സന്ന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതായി വത്തിക്കാന്റെ അന്തിമ അറിയിപ്പ് വന്നിരുന്നു. ഇതിനുശേഷമാണ് ലൂസിക്ക് മഠത്തില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യമുണ്ടായത്. സഭാചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയത്.

content highlights: sister lucy may remain in the convent until the final judgment- court's interim order