കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടങ്കില്‍ എന്തും നേടാനാകും. അങ്ങനെയൊരു കാലമാണിത്. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും പുറമേയാണ് കേസില്‍ ഇതെല്ലാം സംഭവിച്ചതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അനുപമ പറഞ്ഞു.

പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ലഭിച്ചില്ല. മൊഴികളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല. കേസിന്റെ വാദം നടക്കുമ്പോള്‍ അട്ടിമറിയൊന്നും നടന്നതായി തോന്നിയിട്ടില്ല. അതിനുശേഷം അട്ടിമാറി നടന്നുവെന്നും അവര്‍ പറഞ്ഞു. 

പണ്ടും ഇനിയങ്ങോട്ടും ഞങ്ങള്‍ സുരക്ഷിതരല്ല. പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ കന്യാസ്ത്രീ മഠത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തുടര്‍ന്നുള്ള യാത്രയിലും എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ വ്യക്തമാക്കി.

Content Highlights : Sister Anupama reaction after court verdict