കോട്ടയം: 'കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്.' സിസ്റ്റര്‍ അഭയകേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചുകൊണ്ടുളള തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ വിധി അറിഞ്ഞ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

കേസില്‍ ഏറ്റവും നിര്‍ണായകമൊഴിയായിരുന്നു ദൃക്‌സാക്ഷിയായ അടയ്ക്കാ രാജുവിന്റേത്. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും  മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുളള വാദങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. 

'കൊച്ചിന് ഒരു നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്.' അടയ്ക്കാ രാജു പറഞ്ഞു. 

ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വിധി വന്ന ശേഷം അഭിപ്രായപ്പെട്ടിരുന്നു. 

 

 

Content Highlights: Sister Abhaya Case Verdict, witness Adakka Raju's reaction