കൊച്ചി: മാസങ്ങളായി ഒളിവില്‍ കഴിയുന്ന ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവിയറിനോട് അടിയന്തരമായി കീഴടങ്ങാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. സെസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതി പരാമര്‍ശം. മാസങ്ങളായി ഒളിവില്‍ കഴിയുന്ന ഇവരെ കണ്ടെത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടുമില്ല. പുറത്ത് നിന്ന് സഹായം ലഭിക്കുന്നതിനാലാണ് ഇത്രയും വലിയ കേസിലെ പ്രതിയായിട്ടും ഇവര്‍ക്ക് പോലീസിന്റെ പിടിയിലാകാതെ ഒളിവില്‍ കഴിയാന്‍ കഴിയുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

സെസി അഭിഭാഷകയായി ജോലി ചെയ്യുകയും കോടതി നിയോഗിച്ച കമ്മിഷനുകളുടെ സിറ്റിങ് നടത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 22ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി ജാമ്യമെടുക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ തനിക്ക് നേരെ ചുമത്തിയിരിക്കുന്നത് വഞ്ചനാ കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണെന്ന് തിരിച്ചറിഞ്ഞതോടെ കോടതിയില്‍ നിന്ന് മുങ്ങുകയായിരുന്നു.

വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഇട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാര്‍ അസോസിയേഷനിലെ ചില രേഖകള്‍ എടുത്തുകൊണ്ട് പോയതിന് മോഷണക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സെസി കോടതിയില്‍ നിന്ന് മുങ്ങിയത്.  കോടതിയുടെ പിന്നിലെ ഗേറ്റുവഴി കാറില്‍ കടന്നുകളയുകയായിരുന്നു അന്ന് സെസി. അതിന് ശേഷം ഇതുവരെ അവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തത്. സംഗീതയില്‍നിന്ന് പോലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്. ഇതറിയാതെയാണു സെസി കോടതിയിലെത്തിയതെന്നു കരുതുന്നു.

മതിയായ യോഗ്യതയില്ലാതെ രണ്ടരവര്‍ഷം സെസി ആലപ്പുഴക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു യോഗ്യതാരേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരേ ബാര്‍ അസോസിയേഷന്‍  പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: Sesi Xavier should surrender says hc, rejects anticipatory bail