കോഴിക്കോട്: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന് അന്ത്യാഞ്ജലി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ ഖബറടക്കി. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംസ്‌കാരചടങ്ങില്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. 

തിരുവനന്തപുരം പ്രസ് ക്ലബ്, സ്വദേശമായ തിരൂര്‍ വാണിയന്നൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം ചെറുവണ്ണൂരിലെത്തിച്ചത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. വാണിയന്നൂര്‍ ഷാദുലി നഗറിലെ വീട്ടിലും കോഴിക്കോട് സിറാജ് ഓഫീസ് അങ്കണത്തിലും നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മലയില്‍ മഖാമില്‍ പിതാവ് വടകര മുഹമ്മദാജി തങ്ങളുടെ ഖബറിടത്തോട് ചേര്‍ന്നാണ് ബഷീറിനും അന്ത്യവിശ്രമമൊരുക്കിയത്. 

മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിരുന്നു. ശാന്തനും മിതഭാഷിയുമായ അദ്ദേഹം തലസ്ഥാനത്തെ മികച്ച പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാദമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

സൂഫി പണ്ഡിതന്‍ വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടെയും മകനാണ്. ജസീലയാണ് ഭാര്യ. മക്കള്‍: ജന്ന, അസ്മി. 

Content Highlights: siraj journalist km basheer's funeral held at malayil makkham kozhikode