തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെ ഡോപാമൈന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന ആവശ്യവുമായി സിറാജ് ദിനപത്രത്തിന്റെ മാനേജ്‌മെന്റ് കോടതിയില്‍. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം മുന്നോട്ടുവെക്കുന്നത്.

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ശ്രീറാം ഓടിച്ച വാഹനമിടിച്ച് മരിച്ചത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ് ഐയുമായി ചേര്‍ന്ന് ശ്രീറാം നടത്തിയതെന്നും കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ ഉന്നത പോലീസ്- ഉദ്യോഗസ്ഥതല ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാദിഭാഗത്തിനായി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായര്‍ ഹാജരായി. 

content highlights: siraj daily management demands dopamine test on sriram venkitaraman