സില്‍വര്‍ലൈന്‍ പദ്ധതി: പരിസ്ഥിതിയെ ബാധിക്കും - മാധവ് ഗാഡ്ഗില്‍


3 min read
Read later
Print
Share

പാവപ്പെട്ടവരാണ് ഇതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കേണ്ടിവരിക.

മാധവ് ഗാഡ്ഗിൽ | Photo - Mathrubhumi archives

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രെഫ. മാധവ് ഗാഡ്ഗില്‍. പാവപ്പെട്ടവരാണ് ഇതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കേണ്ടിവരിക. ജനങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ഫലമുണ്ടാകാതിരിക്കില്ല- എറണാകുളം മഹാരാജാസ് കോളേജില്‍ പ്രൊഫ. എം.കെ. പ്രസാദ് എന്‍ഡോവ്മെന്റ് പ്രഭാഷണം ഓണ്‍ലൈനായി നടത്തവേ അദ്ദേഹം പറഞ്ഞു.

കെ-റെയില്‍ പദ്ധതി തണ്ണീര്‍ത്തടങ്ങളെ ബാധിക്കുന്നതിനാല്‍ 28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ പറഞ്ഞു. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടമില്ലാതാകുന്നതോടെ 98 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു പക്ഷേ, മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍പോകുമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: സമരംചെയ്യുന്നവരെ ജയിലിലടയ്ക്കുമെന്ന സര്‍ക്കാര്‍ ഭീഷണി വിലപ്പോകില്ലെന്നും കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ്. നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സമരത്തിനിറങ്ങുന്ന സാധാരണക്കാരെയോ പാവപ്പെട്ടവരെയോ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍ അത് നടക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുമുണ്ട്. ഇവ ഉന്നയിച്ചാണ് യു.ഡി.എഫ്. സമരം ചെയ്യുന്നത്. പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ യു.ഡി.എഫ്. 100 ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും- സതീശന്‍ പറഞ്ഞു.

പ്രതിഷേധത്തെ സമുദായവത്കരിക്കുന്നു -വി. മുരളീധരന്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ സി.പി.എം. സമുദായവത്കരിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. കിടപ്പാടം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അപമാനിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുന്നവരെ സമുദായങ്ങളുടെ പേരുപറഞ്ഞ് കരിവാരിത്തേക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളല്ല അവരുടെ സമുദായമാണ് ഇപ്പോള്‍ സി.പി.എമ്മിന് പ്രശ്‌നം. അതുകൊണ്ടാണ് ഈ സമരത്തെ ചങ്ങനാശ്ശേരി സമരം, വിമോചനസമരം എന്നൊക്കെ വിളിക്കുന്നത്.

സര്‍ക്കാരിന്റെ മുഷ്‌ക് അവസാനിപ്പിക്കുന്നതുവരെ സമരം മുന്നോട്ടുനീങ്ങും. കോണ്‍ഗ്രസ് ഇപ്പോള്‍ സമരരംഗത്തില്ലെന്നും സര്‍ക്കാരിന് പൂര്‍ണസഹകരണമാണ് പ്രതിപക്ഷം നല്‍കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

വര്‍ഗീയവത്കരിക്കാനുള്ള നീക്കം വിലപ്പോകില്ല -കെ. സുധാകരന്‍

തിരുവനന്തപുരം: ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നത്. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി കാര്‍ക്കശ്യം പിടിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.

പദ്ധതി സംസ്ഥാനത്തിന് ദോഷകരം -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കെ-റെയില്‍ സംസ്ഥാനത്തിന് ദോഷംമാത്രമേ ഉണ്ടാക്കൂവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കും. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

കോണ്‍ഗ്രസുമായിചേര്‍ന്ന് സമരം നടത്തേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആശങ്കകളെ അവഗണിക്കരുത്-കെ.സി.ബി.സി.

കൊച്ചി: ജനങ്ങളെ മറന്നുകൊണ്ടുള്ളതല്ല, ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് കെ.സി.ബി.സി. ഐക്യ ജാഗ്രതാ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. വികസനപദ്ധതികളുടെ പേരില്‍ എല്ലാം നഷ്ടപ്പെട്ട ഒട്ടേറെപ്പേര്‍ ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അത്തരം മുന്നനുഭവങ്ങളുടെ പേരിലുള്ള ആകുലതകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്- കമ്മിഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ വ്യക്തമാക്കി.

വിമോചനസമരത്തെ ഓര്‍മിപ്പിക്കുന്ന നടപടി -കോടിയേരി

കണ്ണൂര്‍: വിമോചനസമരകാലത്തെ ഓര്‍മിപ്പിക്കുന്ന നടപടികള്‍ക്ക് ചിലര്‍ തുടക്കംകുറിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശ്ശേരി ഒരു സമരകേന്ദ്രമാക്കി മാറ്റാനാണ് ആലോചന. ഒരു സമുദായനേതാവും മതമേലധ്യക്ഷനുമൊക്കെ പിറകിലുണ്ട്. വിമോചനസമരകാലത്ത് ചങ്ങനാശ്ശേരി അതിന്റെ ഒരു കേന്ദ്രമായിരുന്നു. പക്ഷേ, 1957-59 അല്ല ഈ കാലഘട്ടമെന്നോര്‍ത്തുവേണം ഇതൊക്കെ ചെയ്യാന്‍- കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെ-റെയിലുമായി ബന്ധപ്പെട്ട സമരത്തെക്കുറിച്ച് പറയുന്നതിനിടയിലാണ് പ്രതിപക്ഷത്തിനെതിരേ കോടിയേരി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. നശീകരണ പ്രതിപക്ഷത്തിന്റെ ചെയ്തികളാണ് ഇപ്പോള്‍ കാണുന്നത്. മാടപ്പള്ളിയെ നന്ദിഗ്രാം ആക്കി മാറ്റാനുള്ള ശ്രമമായിരുന്നു. നിയമസഭാസമ്മേളനത്തിന്റെ അവസാനദിവസം കുഴപ്പമുണ്ടാക്കാന്‍ ആസൂത്രിതമായി നടത്തിയ ശ്രമമാണ് അവിടെ കണ്ടത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുള്ള സമരത്തിലേക്ക് നീങ്ങിയത് അതിനാണ്. പോലീസ് അവരെ തന്ത്രപരമായി മാറ്റിയതുകൊണ്ടാണ് അപകടം ഒഴിവായത്. സ്ത്രീകളെയും കുട്ടികളെയും സമരമുഖങ്ങളില്‍നിന്ന് മാറ്റാന്‍ സമരക്കാര്‍ ശ്രമിക്കണം.

കല്ല് പിഴുതെടുത്താല്‍ പദ്ധതി ഇല്ലാതാകില്ല. അത് എവിടെയൊക്കെ സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ട് ആയിക്കഴിഞ്ഞതാണ്. അതുപോലും മനസ്സിലാക്കാതെയാണ് സമരം. 100 കൊല്ലം മുന്‍പ് നടത്തേണ്ട സമരം ഇപ്പോള്‍ ചെയ്തിട്ടുകാര്യമുണ്ടോ? കെ-റെയിലിനുവേണ്ടി ഇടുന്ന കല്ല് യാഥാര്‍ഥ്യമാകും. യു.ഡി.എഫുകാര്‍ക്ക് കല്ല് വേണമെങ്കില്‍ എത്തിച്ചുകൊടുക്കാം. ആര്‍ക്കെങ്കിലും ഒരുവീടെങ്കിലും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുമോ എന്നുനോക്ക്.

ഭൂമി ഉടമകളുടെയോ സ്ഥലം നഷ്ടപ്പെടുന്നവരുടെയോ സമരമല്ല ഇവിടെ നടക്കുന്നത്. ഇതൊരു രാഷ്ട്രീയസമരമാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെയൊക്കെ ശ്രമം. അത് വിലപ്പോവില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ നാലിരട്ടി തുകയാണ് നഷ്ടപരിഹാരമായി നല്‍കുക. അതിനാല്‍ സ്ഥലമുടമകള്‍ക്ക് പ്രശ്‌നമൊന്നുമില്ല. ജനങ്ങളെ കൂടെനിര്‍ത്തി ഇടതുമുന്നണി സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും -അദ്ദേഹം പറഞ്ഞു.


Content Highlights: Silverline project Madhav Gadgil

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented