പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 11 ജില്ലകളിലുണ്ടായിരുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസും പൂട്ടി. ഈ ഓഫീസുകള്‍ പുനര്‍വിന്യസിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതുമരാമത്ത് വകുപ്പിന്റെയും കിഫ്ബിയുടെയുംമറ്റും പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചുമതലയാണ് പുനര്‍വിന്യസിച്ച ഓഫീസുകള്‍ക്കു നല്‍കിയത്. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പ് ഓഫീസുകളിലുണ്ടായിരുന്ന 205 തസ്തികകളും പുതിയ ഓഫീസുകളിലേക്കു മാറ്റി.
2021 ഓഗസ്റ്റ് 18-നാണ് കേരള റെയില്‍ ?െഡവലപ്പ്മെന്റ് കോര്‍പ്പറേഷനിലേക്ക് (കെ-റെയില്‍) റവന്യൂ വകുപ്പിലെ 205 തസ്തികകള്‍ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. ഈ വര്‍ഷം ഓഗസ്റ്റ് 18 വരെ തസ്തികകള്‍ക്ക് തുടര്‍ച്ചാ അനുമതിയുണ്ട്. എന്നാല്‍, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്നു വ്യക്തമായതിനാല്‍ സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ പുനര്‍വിന്യാസത്തിന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ തിരുവനന്തപുരത്തെ ഔട്ടര്‍ റിങ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളാക്കി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി.
ആലപ്പുഴയിലെ ആറു തസ്തികകള്‍ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളിലേക്കും 12 എണ്ണം എറണാകുളത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും മാറ്റി. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓഫീസുകള്‍ അതേ ജില്ലകളില്‍ കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളാക്കി.
മലപ്പുറത്തെ 12 തസ്തികകള്‍ ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിനായി നിലനിര്‍ത്തിയപ്പോള്‍ ആറെണ്ണം തൃശ്ശൂരിലേക്കുമാറ്റി. കോഴിക്കോട് ജില്ലയിലെ 11 തസ്തികകള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി ഏറ്റെടുക്കലിനായി അവിടെ നിലനിര്‍ത്തി. ഏഴെണ്ണം കണ്ണൂരിലേക്കു മാറ്റി നിയോഗിച്ചു.
എറണാകുളത്തെ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴുതസ്തികകളില് ആറെണ്ണം കോട്ടയത്തെ ഭൂമി ഏറ്റെടുക്കല്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫീസില്‍ ലയിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ തസ്തിക മാറ്റുന്നതിന് ഉടന്‍ ഉത്തരവിറങ്ങും.
Content Highlights: Silverline land acquisition offices
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..