കോട്ടയം: നിർദ്ദിഷ്ട സിൽവർ ലൈൻ അതിവേഗ റെയിൽപ്പാതയുടെ നിർമാണത്തിൽ യാതൊരു അധികബാധ്യതയും കേന്ദ്രം വഹിക്കില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കി.

പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച നീതി ആയോഗ് റെയിൽ മന്ത്രാലയത്തിന്റെ വിഹിതമായി പറഞ്ഞിട്ടുള്ള 2150 കോടി രൂപയിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അറിയിച്ചു. അധികപണം കണ്ടെത്തലും കടംവീട്ടലും പൂർണമായും സംസ്ഥാനത്തിന്റെ ചുമതലയിൽ ആണെന്നാണ് നീതി ആയോഗ് അറിയിച്ചത്.

രണ്ട് വ്യവസ്ഥകൾ നീതി ആയോഗ് മുന്നോട്ട് വെച്ചു. കേന്ദ്ര ബജറ്റ് വിഹിതത്തിൽ നിന്ന് പിന്നീട് പദ്ധതിക്ക് പണം കിട്ടില്ലെന്നതാണ് ഒന്ന്. അധികച്ചെലവിന് സംസ്ഥാനം കടമെടുത്താൽ വരുന്ന പലിശ, മറ്റ് ബാധ്യതകൾ എന്നിവ സ്വയം വഹിക്കണമെന്നതാണ് മറ്റൊരു നിലപാട്. ഇതിനും ഭാവിയിൽ സഹായം ഉണ്ടാവില്ല.

റെയിൽവേയും സംസ്ഥാന സർക്കാരിന്റെ കേരള റെയിൽ ഡെവലപ്‌മെൻറ് കോർപ്പറേഷനും സംസ്ഥാന സർക്കാരും ചേർന്നുള്ള പദ്ധതിയിൽ റെയിൽവേ ബോർഡ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ ഉള്ളതിൽ അധികം സാമ്പത്തിക സഹായം ഉണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

529.45 കിലോമീറ്റർ പാതയ്ക്ക് 63,941 കോടിയാണ് കേരളം പ്രതീക്ഷിക്കുന്ന ചെലവ്. പക്ഷേ പദ്ധതിച്ചെലവ് 1.26 ലക്ഷം കോടിയെങ്കിലും വന്നേക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റെയിൽ െഡവലപ്‌മെൻറ് കോർപ്പറേഷൻ ആത്മവിശ്വാസത്തിലാണ്. കിലോമീറ്ററിന് 120 കോടി മതിയാകുമെന്ന് അവർ വിലയിരുത്തി. രാജ്യത്തെ മറ്റിടങ്ങളിൽ കിലോമീറ്ററിന് 80 കോടിവരെ മാത്രമേ വേണ്ടിവന്നുള്ളൂ.

അതേസമയം റെയിൽ മന്ത്രാലയം ആദ്യം വഹിക്കുമെന്ന് പറഞ്ഞ 7720 കോടിയിൽ നിന്ന് പിന്നാക്കംപോയി 2150 കോടിയായി വിഹിതം കുറച്ചതിലൂടെ കേരളത്തിന്റെ ബാധ്യത ഏറുകയാണെന്ന് വിവരാവകാശ പ്രവർത്തകൻ എം.ടി.തോമസ് പറഞ്ഞു. നീതി ആയോഗിന്റെ മറുപടിയിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്.

ഈ വലിയ കടം ഏറ്റെടുക്കുന്നതിന് തുല്യമായ നേട്ടമുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരം-കാസർകോട് യാത്ര കേരളത്തിന്റെ വികസനചരിത്രത്തിൽ നേട്ടമാകുമെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്.

പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി മുന്നോട്ടുവെച്ച പദ്ധതികളിൽ സിൽവർ ലൈനും ഉണ്ടായിരുന്നു.

Content Highlights: Silverline: Centre won't share extra expenses