Pinarayi Vijayan
ന്യൂഡല്‍ഹി: ഒരാളേയും ദ്രോഹിച്ചുകൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം നാടിന്റെ പ്രതിഷേധമായി കാണരുതെന്നും പദ്ധതിക്ക് എതിരേനില്‍ക്കുന്ന വികസന വിരുദ്ധ 'വിദ്രോഹ സഖ്യ'ത്തെ തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ അല്ലെന്നും കല്ലു പിഴുതാല്‍ പദ്ധതി അവസാനിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ല. ആരുടെയെല്ലാം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് കണ്ടെത്താനാണ് കല്ലിടുന്നത്. സര്‍വേ പൂര്‍ത്തിയായ ശേഷം ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുമായി ചര്‍ച്ചനടത്തും. കല്ലിടല്‍ പൂര്‍ത്തിയായ ശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടക്കുക. ഭൂമിക്കും സ്വത്തിനും അധികവില നല്‍കിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാതപഠനം പൂര്‍ത്തിയായ ശേഷമേ ഏറ്റെടുക്കല്‍ പദ്ധതികളിലേക്ക് കടക്കൂ.
ദേശീയ റെയില്‍ പദ്ധതിയായ പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി സില്‍വര്‍ ലൈനിനെ കാണണം. ഇക്കാര്യത്തില്‍ ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റെയില്‍വേ പദ്ധതി ആയതിനാല്‍ സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി ആവശ്യമില്ല. എങ്കിലും വിശദമായ പഠനം നടത്തും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം ഡിപിആറിലെ അവ്യക്തത നീക്കി വിശദീകരണം നല്‍കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
സില്‍വർ ലൈന് 2026-ഓടെ ഒരു ലക്ഷത്തിലധികം യാത്രക്കാരുണ്ടാകും. വരുമാനം ടിക്കറ്റിലൂടെ ലഭിക്കും. പദ്ധതിയുടെ ഭാഗമായി 9394 കെട്ടിടങ്ങള്‍ ഏറ്റെടുക്കും. റെയില്‍വേ ഭൂമി വേണ്ടിവരുമോ എന്നതും പരിശോധിക്കും. വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു വികസനവും സംസ്ഥാനത്ത് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയമായ പേടികൊണ്ട് നാടിന്റെ വികസനത്തിന് തടയിടരുത്. വികസന വിരുദ്ധ 'വിദ്രോഹ സഖ്യ'ത്തെ തുറന്നുകാട്ടും. സമരത്തില്‍ എല്ലാ സ്വഭാവക്കാരുമുണ്ട്. ഈ പ്രതിഷേധം നാടിന്റെ പ്രതിഷേധമായി കാണരുത്. രാഷ്ട്രീയമായ ഭയംകൊണ്ടോ സങ്കുചിതമായ താത്പര്യം കൊണ്ടോ പദ്ധതിയെ എതിര്‍ക്കരുത്. വികസന വിരുദ്ധ സമീപനമുള്ളവര്‍ അതു തിരുത്തിയ അനുഭവം കേരളത്തിനുണ്ട്. യുഡിഎഫ് കാലത്ത് മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയില്‍ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Silver Line Chief Minister Pinarayi Vijayan Press Meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..