കാണാതായിട്ട് 15 ദിവസം, കാട്ടിലില്ലെങ്കില്‍ പിന്നെവിടെയാണ് ? ദുരൂഹം രാജന്‍റെ തിരോധാനം


അശ്വതി അനില്‍ | aswathyanil@mpp.co.in

Indepth

രാജൻ

നിബിഡവനമാണ്, മൃഗങ്ങളുടെ ആക്രമണമുണ്ടായേക്കാം പക്ഷേ വനത്തിന്റെ അഗാധതയോ ആളെക്കൊല്ലികളായ വന്യജീവികളോ ഒന്നും രാജന്‍ എന്ന 52 വയസ്സുകാരനെ ഇതുവരെ ഭയപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ 24 വര്‍ഷമായി വാച്ചര്‍ രാജന്റെ ജീവിതം ഈ കാടിനുള്ളിലായിരുന്നു. സൈലന്റ് വാലിയും ഇവിടെയുള്ള വഴികളുമെല്ലാം രാജന് മനഃപാഠമാണ്. വന്യജീവി ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള പരിശീലനവും അതിനുള്ള മനസ്സാന്നിധ്യവും ആവോളമുണ്ട്. പക്ഷെ അതേ കാട്ടിനുള്ളില്‍വെച്ച് വനം വകുപ്പിലെ താല്‍ക്കാലിക വാച്ചറായ രാജന്‍ അപ്രത്യക്ഷനായിച്ച് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച തന്‍റെ കല്യാണത്തിന്‌ ആശീര്‍വാദം നല്‍കാന്‍ അച്ഛനെത്തുമെന്ന പ്രതീക്ഷയിലാണ് ഇളയ മകള്‍ രേഷ്മ. ഇതേ പ്രതീക്ഷയിലാണ് മുക്കാലിയിലുള്ള രാജന്‍റെ കുടുംബവും കൂട്ടുകാരും. ദിവസങ്ങളിത്ര കഴിഞ്ഞിട്ടും രാജനെ കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല, എവിടെയെന്നോ എങ്ങനെയെന്നോ അറിയാതെ അടിമുടി ദുരൂഹതയിലാണ് രാജന്‍ തിരോധനം.

സൈരന്ധ്രിയിലെ അവസാന രാത്രി, ബാക്കിയുള്ളത് ചെരിപ്പും ടോര്‍ച്ചും മുണ്ടും

അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ താത്കാലിക വാച്ചറായിരുന്നു മുക്കാലി സ്വദേശിയായ രാജന്‍. കഴിഞ്ഞ 24 വര്‍ഷമായി രാജന്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മെയ് രണ്ടിന് സൈരന്ധ്രിയില്‍ ജോലിയിലായിരുന്ന രാജന്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാന്‍പോയതാണ്. ബുധനാഴ്ച രാവിലെ സുഹൃത്തുക്കൾ ചായയുമായി രാജന്റെ താമസസ്ഥലത്ത് പോയപ്പോഴാണ് വഴിയിൽ ചെരിപ്പും ടോർച്ചു കിടക്കുന്നത് കണ്ടത് 20 മീറ്റർ മാറി രാജൻ ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയിൽ കുടുങ്ങിക്കിടക്കുന്നതും കണ്ടു. നെഞ്ചുവേദനയ്ക്കായി കഴിച്ചിരുന്ന മരുന്നും സമീപത്തുനിന്ന് കണ്ടെത്തി. രാജന്റെ ഫോണ്‍ താമസസ്ഥലത്ത് ചാര്‍ജിന് വെച്ചിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാരും അഗളി പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്. എന്നാല്‍ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും ഫോണ്‍ പരിശോധനയിലും കണ്ടെത്താനായില്ല. രാജന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഊഹാപോഹങ്ങള്‍ മാത്രമാണ് ബാക്കിയായിട്ടുള്ളത്.

വന്യജീവി ആക്രമണം? സാധ്യത തള്ളി അധികൃതര്‍

രാജന് നേരെ വന്യജീവി ആക്രമണമുണ്ടായോ എന്ന സംശയം ആദ്യമുയര്‍ന്നിരുന്നു. എന്നാല്‍ രാജന്‍ താമസിച്ചിരുന്ന സ്ഥലത്ത് മൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നതിന്റെ ലക്ഷണമൊന്നുമില്ല. സാധാരണ വന്യജീവികള്‍ ആക്രമിച്ചാല്‍ പരമാവധി ഒരു കിലോമീറ്ററിനുള്ളില്‍ തെളിവുകള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ ഈ പരിധി കഴിഞ്ഞിട്ടും പറയത്തക്ക അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. കടുവയുടേയോ പുലിയുടേയോ ആക്രമണ സ്വഭാവം കണക്കിലാക്കിയാല്‍ അവ ആദ്യം ശരീരത്തില്‍ കൈനഖം ആഴ്ത്തുകയാണ് ചെയ്യുക, അങ്ങനെയെങ്കില്‍ ചോരപ്പാടുകള്‍ കാണാനാവും. എന്നാല്‍ ആ പ്രദേശത്തോ അവിടെനിന്ന് ലഭിച്ച വസ്ത്രത്തില്‍ നിന്ന് രക്തത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടില്ല.

മുക്കാലിയില്‍നിന്ന് സൈരന്ധ്രിയിലേക്കുള്ള റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതുകൊണ്ട് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകരില്ലാതായതോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലാണ് സൈരന്ധ്രിയില്‍. രാജന്റെ തിരോധാനത്തിന് ശേഷം ഈ മേഖലയില്‍ 36 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ ക്യാമറയിലൊന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഒരു പുള്ളിപ്പുലിയുടേയും നിരവധി മാനുകളുടേയും ദൃശ്യങ്ങളാണ് ലഭിച്ചത്. മാനുകള്‍ ധാരാളമായുള്ളതിനാല്‍ കടുവയോ പുലിയോ മനുഷ്യനെ ആക്രമിക്കാനും സാധ്യതയില്ലെന്നാണ് തിരച്ചിലിനെത്തിയ വിദഗ്ധ സംഘത്തിന്റേയും അനുമാനം. വര്‍ഷങ്ങളായി വാച്ചറായി ജോലി ചെയ്യുന്ന രാജന് വന്യജീവി ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള ശ്രമമുണ്ടാവും. അതിന്റെ സൂചനകളും ലഭിച്ചിട്ടില്ല. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന സൈരന്ധ്രി പുഴയിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഡോഗ് സ്‌ക്വാഡ്, ഡ്രോണ്‍, ക്യാമറ.. വിഫലമായ തിരച്ചില്‍

രാജനെ കാണാതായ രണ്ടാംദിവസം പാലക്കാട്ടുനിന്നുള്ള ഡോഗ് സ്‌ക്വഡ് ഉള്‍പ്പെടെയാണ് അഗളി പോലീസ് തിരച്ചില്‍ നടത്തിയത്. എസ്.ഐ. കെ.ബി. ഹരികൃഷ്ണന്റെയും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദും തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നു. രാജനെ കാണാതായ രാത്രി സൈരന്ധ്രിയില്‍ മഴയായിരുന്നു. ബുധനാഴ്ചരാത്രിയും മഴയായിരുന്നതിനാല്‍ ഡോഗ് സ്‌ക്വഡിന് 20 മീറ്ററോളം മാത്രമേ മണം പിടിച്ച് എത്താന്‍ സാധിച്ചുള്ളൂ. ഉച്ചയോടെ ഡോഗ് സ്‌ക്വഡ് മടങ്ങി. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിട്ടും രാജനെ കണ്ടെത്താനായില്ല. നിബിഡവനമായതിനാല്‍ വെളിച്ചക്കുറവും തിരച്ചിലിന് പ്രതികൂലമായി.

തിരോധാനത്തിന് പിന്നില്‍ മാവോവോദികളോ?

വാച്ചര്‍ രാജനെ കാണാതായതിന് പിന്നില്‍ പലവിധ ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മാവോവാദികള്‍ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ് കുടുംബം ഉന്നയിക്കുന്ന ആശങ്ക. മാവോവാദി സാന്നിധ്യം ഉണ്ടായിരുന്ന മേഖലയാണിത്. 2019ലെ മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വെടിവെപ്പിന് ശേഷം ഒരുവര്‍ഷത്തിനിടെ മാവോവാദികള്‍ മൂന്നുസ്ഥലങ്ങളില്‍ വന്നതായുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, പിന്നീട് മാവോവാദികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രാജന്റെ കുടുംബം ഈ സാധ്യതയും തള്ളിക്കളയുന്നില്ല. വഴി കാണിക്കാനായി കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ് കുടുംബം പങ്കുവെയ്ക്കുന്ന ആശങ്ക. എന്നാല്‍ അടുത്തിടെയൊന്നും മാവോയിസ്റ്റ്‌ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പോലീസ് ഈ സാധ്യതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നില്ല. എന്നാല്‍ അന്വേഷണം ഈ ദിശയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കാടിനുള്ളില്‍ ഇല്ലെങ്കില്‍ പിന്നെ എവിടെയാണ് എന്റെ ചേട്ടന്‍ ? രാജന്റെ സഹോദരന്‍

ഒന്നോ രണ്ടോ വര്‍ഷമല്ല, കഴിഞ്ഞ 25 കൊല്ലമായി കാടിനുള്ളിലാണ് ചേട്ടന്റെ ജീവിതം. കണ്ണുകെട്ടി വിട്ടാലും കാടിന്റെ മുക്കും മൂലയും അറിയാം. ആ കാട്ടില്‍ നിന്നാണ് അദ്ദേഹം അപ്രത്യക്ഷനായിരിക്കുന്നത്. ഇത്രയും ദിവസം തിരച്ചില്‍ നടത്തിയിട്ടും ഒരു സൂചനയും ലഭിച്ചിട്ടില്ല. മൃഗങ്ങളുടെ ആക്രമണമോ അല്ലെങ്കില്‍ സ്വയം തോന്നിയിട്ട് എന്തെങ്കിലും ചെയ്തതോ ആണെങ്കില്‍ ഇപ്പോള്‍ കണ്ടുപിടിക്കേണ്ട സമയം കഴിഞ്ഞു. വനംവകുപ്പും പോലീസും പറയുന്നത് വന്യജീവി ആക്രമണത്തിനിരയായില്ലെന്നാണ്. പിന്നെ എവിടേക്കാണ് ചേട്ടന്‍ പോയിരിക്കുന്നത്?

11ന് ചേട്ടന്റെ ഇളയ മകള്‍ രേഖയുടെ കല്യാണമാണ്. ചേട്ടന്‍ അവസാനമായി ലീവിന് വന്നപ്പോഴും ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. കല്യാണക്കത്ത് പ്രിന്റ് ചെയ്തതിനെ കുറിച്ചാണ് സംസാരിച്ചത്. 28നാണ് ചേട്ടന്‍ പിന്നെ ജോലിക്കായി പോയത്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഉടന്‍ വരുമെന്ന് പറഞ്ഞാണ് പോയത്. പിന്നെ ഒരു വിവരവുമില്ല. ആകെ ബാക്കി കിട്ടിയത് ടോര്‍ച്ചും മുണ്ടും ചെരുപ്പുമാണ്.

ഇത്രയും വര്‍ഷം കാടുമായി ബന്ധപ്പെട്ട് ജീവിച്ചയാളാണ്. പുറത്ത് അധികം ബന്ധങ്ങളൊന്നുമില്ല. മാസത്തില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് വീട്ടില്‍ നില്‍ക്കുക. ബാക്കി സമയം മുഴുവന്‍ കാട്ടിലാണ്. ലീവിന് വന്നാലും വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. മൂത്തമകള്‍ രേഷ്മയെ കല്യാണം കഴിപ്പിച്ച് അയച്ചതാണ്. ഇളയ മകള്‍ രേഖ ഹോസ്റ്റലിലാണ്. ഭാര്യ കൂടെയില്ല.

24 വര്‍ഷത്തില്‍ കൂടുതലായി വാച്ചറായി ജോലി ചെയ്യുന്നതുകൊണ്ട് കാടിനെ കുറിച്ച് അറിയാത്ത ആളല്ല ചേട്ടന്‍. പുറത്തേക്ക് എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞിട്ടാണ് പോവുക. കാട് വിട്ട് പുറത്തുപോയിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മാവോയിസ്റ്റുകള്‍ക്ക് വഴി കാണിക്കാനോ മറ്റോ കൂട്ടിക്കൊണ്ടുപോയതാണോ എന്നാണ് സംശയം.-രാജന്റെ സഹോദരന്‍ സുരേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

രാജന്‍റെ മകള്‍ രേഷ്മയും സഹോദരി സത്യഭാമയും

കല്യാണമാണ്, അച്ഛന്‍ കൂടെ വേണമെന്നാണ് ആഗ്രഹം- മകള്‍ രേഖ

പ്രശ്‌നങ്ങളുള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. ലീവിന് വന്നപ്പോഴും കല്യാണത്തിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. ജൂണ്‍ 11ന് കല്യാണം നടത്താനാണ് തീരുമാനിച്ചിരുന്നത്. അച്ഛന്‍ കൂടെ വേണമെന്നാണ് ആഗ്രഹം. തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകള്‍ രേഖ പറഞ്ഞു. രാജന്‍ കാടിന് പുറത്തേക്ക് പോകാന്‍ സാധ്യതയില്ലെന്ന് മകള്‍ രേഷ്മയും പറഞ്ഞു. ജോലിയെന്ന് പറഞ്ഞ് കാട്ടില്‍ കഴിഞ്ഞിരുന്ന ആളാണ് അച്ഛന്‍, കാടിനുള്ളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്.- രേഷ്മയും പ്രതീക്ഷ പങ്കുവെച്ചു.

ജൂണ്‍ 11നാണ് രേഖയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹവുമായി മുന്നോട്ട് പോവാനാണ് കുടുംബത്തിന്റെ തീരുമാനം. രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

വഴിതെറ്റിപ്പോവില്ല, നാട് വിടില്ല, ആത്മഹത്യ ചെയ്യില്ലെന്നുറപ്പ്- സത്യഭാമ (രാജന്റെ സഹോദരി)

രാജന്‍ കാട് വിട്ടുപോവില്ലെന്നാണ് സഹോദരി സത്യഭാമ പ്രതികരിച്ചത്. ചേട്ടന് മാനസിക ബുദ്ധിമുട്ടോ വലിയ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. മകളുടെ കല്യാണമടുത്തതിനാല്‍ അതിന്റെ സന്തോഷം ഉണ്ടായിരുന്നു. കല്യാണക്കുറിയൊക്കെ അടിച്ചത് കഴിഞ്ഞദിവസമാണ് കൊണ്ടുവന്നത്. കത്ത് കൊടുക്കാനായി 20ന് വരും, ഒരു കുറി പിടിക്കാനുണ്ടെന്നൊക്കെ അവസാനമായി ലീവിന് വന്നപ്പോള്‍ പറഞ്ഞിരുന്നു. ജീവനോടെയോ അല്ലാതെയോ, ഞങ്ങള്‍ക്ക് ചേട്ടനെ വേണം. എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ പറ്റൂ. നാട് വിട്ട് പോകാനോ ആത്മഹത്യ ചെയ്യാനോ നൂറുശതമാനം സാധ്യതയില്ലെന്നും സത്യഭാമ്യ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

തിരച്ചില്‍ അവസാനിപ്പിച്ച് വിദഗ്ധ സംഘം

രാജന് വേണ്ടിയുള്ള തിരച്ചിലിനായി വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയിരുന്നു. തമിഴ്‌നാട്, കര്‍ണാടകം, കേരളം എന്നീ മേഖലകളിലെ വനത്തില്‍ തിരച്ചില്‍ നടത്തുന്ന വിദഗ്ധ സംഘമാണ് എത്തിയത്. എന്നാല്‍ വന്യജീവി ആക്രമണ സാധ്യത കുറവായതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. മെയ് നാല് മുതല്‍ 1200 പേരാണ് വനത്തിലെ മൂന്നൂറ് കിലോമീറ്റര്‍ പരിധിയില്‍ തിരച്ചില്‍ നടത്തിയത്. പുഴയില്‍ വീണിട്ടുണ്ടാവാമെന്ന സാധ്യത കണക്കിലെടുത്ത് പുഴയുടെ ഭാഗങ്ങളിലും കൊക്ക പ്രദേശങ്ങളിലും ഗുഹാമേഖലകളിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും ഇവര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരു സൂചനകളും ലഭിച്ചില്ല. കാടിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടെത്തേണ്ട സമയം കഴിഞ്ഞുവെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചെറുസംഘങ്ങളായി തിരഞ്ഞുള്ള തിരച്ചിലാവും ഇനി നടക്കുക. സൈലന്റ് വാലിയോട് അതിര്‍ത്തി പങ്കിടുന്ന മണ്ണാര്‍ക്കാട്-നിലമ്പൂര്‍ വനമേഖലകളിലും വടക്കുഭാഗത്ത് തമിഴ്‌നാട് വനമേഖലകളിലേക്കും തിരച്ചില്‍ നടത്തും. ഇതിനായി തമിഴ്‌നാട് ഫോറസ്റ്റ് ഡിവിഷനും കത്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം അഗളി പോലീസിന്, പ്രതീക്ഷയോടെ കുടുംബം

വാച്ചര്‍ രാജന്റെ തിരോധാനക്കേസില്‍ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താനായി പോലീസ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. തമിഴ്‌നാട്ടിലുള്ള രാജന്റെ സുഹൃത്തുക്കളുടെ വീട്ടിലും പോലീസ് അന്വേഷണം നടത്തും. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. രാജന്റെ തിരോധാനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. കാട് വിടാന്‍ രാജന് സഹായം കിട്ടിയോ എന്ന കാര്യവും അന്വേഷണവിധേയമാക്കുന്നുണ്ട്.

Content Highlights: silent valley forest watcher rajan missing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented