സിലീഷ് തോമസ് | Photo: മാതൃഭൂമി ആർക്കൈവ്സ്
കോഴിക്കോട്: “അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് കോടതിയെ സമീപിച്ചതെങ്കിലും ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല. സത്യസന്ധമായി ജോലിചെയ്യുന്ന ഒരു സർക്കാരുദ്യോഗസ്ഥനും ഇതുപോലൊരു ദുരനുഭവമുണ്ടാവാതിരിക്കാനാണ് ഈ നിയമപോരാട്ടം. കുറ്റവിമുക്തനാക്കപ്പെട്ട കോടതിവിധി വീട്ടിൽ കെട്ടിസൂക്ഷിച്ചിട്ട് കാര്യമില്ലല്ലോ. കള്ളക്കേസിൽ കുടുക്കിയവരെ സമൂഹം തിരിച്ചറിയേണ്ടതില്ലേ” എന്നുചോദിക്കുമ്പോഴും നേരിടേണ്ടിവന്ന അപമാനത്തിന്റെയും ദുരിതത്തിന്റെയും ഞെട്ടലിൽനിന്ന് ഇനിയും സിലീഷ് തോമസ് മുക്തനായിട്ടില്ല.
ചെമ്പനോട വില്ലേജ് ഓഫീസിനുമുന്നിൽ 2017 ജൂൺ 21-ന് കർഷകനായ ജോയി ആത്മഹത്യചെയ്ത സംഭവത്തിൽ അന്ന് കൂരാച്ചുണ്ട് വില്ലേജിൽ സ്പെഷ്യൽ ഓഫീസറായിരുന്ന സിലീഷിനെ സസ്പെൻഡ് ചെയ്യുകയും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ, ചെമ്പനോട വില്ലേജിൽ ജോലിചെയ്തിരുന്ന സമയത്ത് റവന്യൂറിക്കവറി കേസുകളിലും ക്വാറിക്കാർക്കെതിരായ പരാതികളിലും കർശനമായി നടപടിയെടുത്ത തന്നെ ചിലർ ബോധപൂർവം കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിലീഷ് പറയുന്നു.
24 ദിവസം ജയിലിൽ കഴിയേണ്ടിവന്ന സിലീഷിന് ഹൈക്കോടതിയിൽനിന്ന് ലഭിച്ച ജാമ്യത്തെത്തുടർന്നാണ് പുറത്തുവരാൻ സാധിച്ചത്. 169 ദിവസത്തെ സസ്പെൻഷനുശേഷം തിരികെ സർവീസിൽ പ്രവേശിച്ചു. എങ്കിലും അഴിമതിക്കാരൻ, കൈക്കൂലിക്കാരൻ എന്ന ആക്ഷേപത്തിൽനിന്ന് മുക്തനാവാൻ സിലീഷിന് പിന്നെയും ഏറെനാൾ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ, 2021 മാർച്ച് 30-ന് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ, സിലീഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും കൃത്യമായി ജോലിചെയ്ത സർക്കാരുദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കുന്നത് നിർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
“സത്യസന്ധമായി ജോലിചെയ്തതിന് ഉദ്യോഗസ്ഥനെ ജയിലിലടയ്ക്കുന്നതും നിരപരാധിയെ കള്ളക്കേസിൽ കുടുക്കുന്നതും നീതിന്യായവ്യവസ്ഥയ്ക്ക് നിരക്കാത്തതാണ്. പ്രോസിക്യൂഷന്റെ വാദവും അന്വേഷണറിപ്പോർട്ടും അടിസ്ഥാനപരമായി കള്ളമാണെന്നും ബോധ്യപ്പെട്ടു” -കോടതി വിധിയിൽപറഞ്ഞു.
കോടതിവിധി വന്നിട്ടും ജോലിസ്ഥലത്തും പുറത്തും തന്നെ അഴിമതിക്കാരനായാണ് ചിലർ ചിത്രീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കള്ളക്കേസിൽ കുടുക്കിയ പോലീസുദ്യോഗസ്ഥനും മരിച്ച കർഷകന്റെ കുടുംബത്തിനുമെതിരേ നിയമനടപടിക്ക് ഇറങ്ങിത്തിരിച്ചതെന്ന് സിലീഷ് പറയുന്നു. പേരാമ്പ്ര മുൻസിഫ് കോടതിയിലാണ് സിലീഷ് ഹർജി നൽകിയത്. മരിച്ച കർഷകന്റെ വായ്പ എഴുതിത്തള്ളാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച 18 ലക്ഷം തിരിച്ചുപിടിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് റവന്യൂ റിക്കവറി തഹസിൽദാരുടെ ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലിചെയ്തുവരുകയാണ് സിലീഷ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..