ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന വിഴിഞ്ഞം എസ്.ഐ. ലിജോ പി.മണി.
തിരുവനന്തപുരം: 'പലപ്പോഴും തര്‍ക്കങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അവ രൂക്ഷമായിരുന്നെങ്കിലും പോലീസ് സംയമനം പാലിച്ചാണ് നിന്നിരുന്നത്. ഇങ്ങനെ സ്റ്റേഷന് ആക്രമിക്കുമെന്നു കരുതിയിരുന്നില്ല' -വിഴിഞ്ഞം സംഘര്‍ഷത്തിനിടെ പരിക്കേറ്റ എസ്.ഐ. ലിജോ പി.മണിയുടെ വാക്കുകളാണിത്.
'എന്നും കാണുന്നവരാണ് പലരും. കാര്യങ്ങള്‍ പറഞ്ഞിട്ടും അവര്‍ മനസ്സിലാക്കാന്‍ തയ്യാറായിരുന്നില്ല. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാകുകയായിരുന്നു'. സംഘര്‍ഷത്തിനിടെ കാലിനു ഗുരുതര പരിക്കേറ്റ അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടുക്കി കട്ടപ്പന സ്വദേശിയായ ഇദ്ദേഹം പത്തുമാസം മുന്‍പാണ് സര്‍വീസില്‍ പ്രവേശിച്ചത്. ആദ്യത്തെ പോസ്റ്റിങ്ങായിരുന്നു വിഴിഞ്ഞത്തേത്.
'സഹപ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സിനു വഴിയൊരുക്കാന്‍ പുറത്തിറങ്ങിയതാണ്. പെട്ടെന്ന് ഒരാള്‍ മറഞ്ഞിരുന്ന് മതിലിനു മുകളിലൂടെ ഇന്റര്‍ലോക്ക് കട്ട എന്റെ കാലിനു നേരേ എറിഞ്ഞു. കാലൊടിഞ്ഞു തൂങ്ങി. വേദനകൊണ്ട് അനങ്ങാനാകുമായിരുന്നില്ല. അക്രമികള്‍ എനിക്കു നേരേ തിരിയുമെന്നായതോടെ ഒറ്റക്കാലില്‍ ചാടി, സ്റ്റേഷന്മുറ്റത്തു വീണു. സഹപ്രവര്‍ത്തകരാണ് സ്റ്റേഷനുള്ളിെേലക്കത്തിച്ചത്. ഒരു മണിക്കൂറോളം വേദനയും സഹിച്ച് അവിടെ കിടന്നു. പിന്നീടെപ്പോഴോ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കല്ലേറില്‍ ശരീരത്തിലൊക്കെ വേദനയുണ്ട്'- അദ്ദേഹം പറഞ്ഞു.
'കസ്റ്റഡിയിലെടുത്ത നേതാവിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച സന്ധ്യയോടെ സ്റ്റേഷനു മുന്നില്‍ തമ്പടിക്കുകയായിരുന്നു. അവര്‍ക്കൊപ്പം വന്ന പുരോഹിതനോട് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നീട് അദ്ദേഹം അവരോട് മൈക്കിലൂടെ ശാന്തരാക്കാന്‍ അഭ്യര്‍ഥിച്ചു' -ലിജോ പി.മണി പറഞ്ഞു.
'പെട്ടെന്ന് സ്റ്റേഷന് ഇടതുവശത്തെ, പൂട്ടിയിട്ടിരുന്ന ഗേറ്റ് തള്ളിത്തുറന്ന് സ്റ്റേഷന് കോമ്പൗണ്ടിലേക്ക് സമരക്കാരെത്തുകയായിരുന്നു. അവര്‍ കല്ലെറിഞ്ഞു, ഉദ്യോഗസ്ഥരെ ചവിട്ടി. സ്റ്റേഷനിലെ ട്യൂബ്ൈലറ്റ്, പൂച്ചട്ടി, ജീപ്പുകള്‍, വയര്‍ലെസ് സെറ്റ് എല്ലാം തകര്‍ത്തു. എഫ്.ഐ.ആര്. രേഖകള്‍ കീറിയെറിഞ്ഞു. അക്രമത്തില്‍ മുപ്പതോളം ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. അവരെ തോളില്‍ ചുമന്ന് പിന്നിലൂടെയാണ് കൊണ്ടുപോയത്'- അദ്ദേഹം പറഞ്ഞു.
ലിജോ പി.മണിക്ക് കാലിനു ശസ്ത്രക്രിയ ചെയ്ത് സ്ഥിരമായി കമ്പിയിട്ടിരിക്കുകയാണ്. മറ്റൊരു മുറിവ് കൂടിച്ചേര്‍ന്നാല്‍ മാത്രമേ തുന്നല്‍ നടത്താനാകൂ. മൂന്നു മാസത്തോളം വിശ്രമമെടുത്താല് മാത്രമേ ആരോഗ്യം പഴയപടിയാവുകയുള്ളൂ.
Content Highlights: si who injured during vizhinjam police station attack recollects the incidents
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..