Photo: Screengrab/ Mathrubhumi News
കായംകുളം: നടുറോഡിൽ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഇരുചക്രവാഹനം തടഞ്ഞ എസ്.ഐ.യെ സ്ഥലംമാറ്റി. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. ചേരാവള്ളി ലോക്കൽ കമ്മിറ്റിയംഗം അഷ്കർ നമ്പലശ്ശേരിയെ തടഞ്ഞ കായംകുളം സ്റ്റേഷനിലെ എസ്.ഐ. ശ്രീകുമാറിനെ സ്ഥലംമാറ്റിയുള്ള നടപടിയാണു മരവിപ്പിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം ഉദ്ഘാടനംചെയ്യാൻ മന്ത്രി വി. ശിവൻകുട്ടി എത്തുന്നതിനു തൊട്ടുമുമ്പാണു സംഭവം. രാവിലെ നഗരസഭയിൽ യു.ഡി.എഫ്. കൗൺസിലർമാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായതിനാൽ മന്ത്രിയുടെ യോഗത്തിനു പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. സ്കൂളിനു മുന്നിലൂടെയുള്ള റോഡിൽ ഗതാഗതക്രമീകരണവും ഏർപ്പെടുത്തി. വാഹനങ്ങൾ കടത്തിവിടാതെ എസ്.ഐ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇവിടെ നിലയുറപ്പിച്ചിരുന്നു.
ഇതിനിടെ, അഷ്കർ ഇതുവഴി ഹെൽമെറ്റ് വെക്കാതെ സ്കൂട്ടറിലെത്തി. എന്നാൽ, പോലീസ് അകത്തേക്കു കയറ്റിവിട്ടില്ല. തുടർന്ന് എസ്.ഐ.യും അഷ്കറും തമ്മിൽ വാക്കേറ്റമുണ്ടായി. അഷ്കർ ഹെൽമെറ്റ് വെക്കാത്തതും പോലീസ് ചോദ്യംചെയ്തു.
ഫെയ്സ്ബുക്കിൽ പോലീസിനെതിരേ ആരോപണമുന്നയിച്ച് അഷ്കർ പോസ്റ്റിട്ടു. മന്ത്രിയുടെ പരിപാടി അലങ്കോലമാക്കാൻ പോലീസ് ശ്രമിച്ചെന്നായിരുന്നു ആരോപണം. ശനിയാഴ്ച രാവിലെ എസ്.ഐ. ശ്രീകുമാറിനെ ഹരിപ്പാട്ടേക്കു സ്ഥലംമാറ്റി ഉത്തരവിറങ്ങി. ഉത്തരവിൽ വെള്ളിയാഴ്ചത്തെ തീയതിയാണുള്ളത്. ഹരിപ്പാട്ട് എസ്.ഐ. ഇല്ലാത്തതിനാൽ ശ്രീകുമാറിനെ നേരത്തേതന്നെ സ്ഥലംമാറ്റാൻ തീരുമാനിച്ചിരുന്നെന്നാണു പോലീസുദ്യോഗസ്ഥർ പറയുന്നത്. ഞായറാഴ്ച വൈകീട്ടോടെയാണു നടപടി മരവിപ്പിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദേശമെത്തിയത്.
അഷ്കർ പോലീസിനോടു തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് പാർട്ടി പ്രതിരോധത്തിലായത്. തുടർന്നാണ് ഉത്തരവു മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.
Content Highlights: SI stopped CPM leader transferred controversy order withdraw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..