മകന്റെ നിയമനം: മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് മന്ത്രി ശൈലജ


2 min read
Read later
Print
Share

എം.ടെക് ബിരുദധാരിയായിട്ടുള്ള മകന്‍ ലസിത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഇലക്ട്രോണിക്‌സ് ആയി നിയമനം നേടുകയായിരുന്നു

തിരുവനന്തപുരം: മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃത നിയമനം നല്‍കി എന്നും ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആലോചിക്കുന്നു എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണ ഉളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിയമനവിവാദത്തിലേക്ക് ശൈലജ ടീച്ചറിന്റെ പേരും പരാമര്‍ശിക്കപ്പെട്ടതോടെയാണ് അവര്‍ വിശദീകരണം പത്രക്കുറിപ്പായി ഇറക്കിയത്.

എം.ടെക് ബിരുദധാരിയായിട്ടുള്ള മകന്‍ ലസിത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഇലക്ട്രോണിക്‌സ് ആയി നിയമനം നേടുകയായിരുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് 2015 ല്‍ പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുകയും ഐ.ബി.പി.എസ് എന്ന ഏജന്‍സി മുഖേന പരീക്ഷ നടത്തുകയും ചെയ്തു. ഈ പരീക്ഷയില്‍ ലസിത് ഒന്നാം റാങ്ക് കരസ്ഥമാക്കി.

റിസള്‍ട്ട് ട്ട് നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 സെപ്തംബര്‍ 18 നാണ് നിയമനം ലഭിച്ചത്. ആ സമയത്ത് ഇടതുപക്ഷ ഭരണം ആയിരുന്നില്ല. ലസിത് എല്ലാ യോഗ്യതകളും നേടിയത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ശിവപുരം എയിഡഡ് സ്‌കൂളില്‍ പത്താംക്ലാസ്സ് വിദ്യാഭ്യാസവും മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടുവും പൂര്‍ത്തിയാക്കി ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമക്കു ശേഷം കൊല്ലം ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മെറിറ്റ് സീറ്റില്‍ ബി.ടെക് ബിരുദം നേടി. പിന്നീട് കേന്ദ്ര ഗവണ്‍മെന്റിന്റെ ഗേറ്റ് സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദം(എം.ടെക്) നേടുകയും ചെയ്തു.

ഇന്റര്‍ നാഷണല്‍ ജേര്‍ണലില്‍ എഞ്ചിനീയറിംഗ് സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോ -ഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നര വര്‍ഷം ജോലി ചെയ്തിരുന്നു. അതിനിടയിലാണ് എയര്‍പോര്‍ട്ടിന്റെ തൊഴില്‍ സംബന്ധിച്ച് പരസ്യം ശ്രദ്ധയില്‍ പെട്ടതും അപേക്ഷിച്ചതും. ഒന്നാം റാങ്കോടെ നിയമനം നേടിയ ലസിത് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യത്തെ നിയമനമാണ് നേടിയത്.

ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രമോഷന്‍ സാധ്യത ഉണ്ടാകുമ്പോള്‍ പ്രഥമ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വസ്തുത മറച്ചുവച്ചാണ് തെറ്റിധാരണാജനകമായി വാര്‍ത്ത പ്രചരിപ്പിക്കുന്നത്. എം.ബി.എ (ഫിനാന്‍സ് )പാസ്സായ മരുമകള്‍ വിവാഹത്തിനു മുന്‍പു തന്നെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ അപ്രന്റിസ് ട്രെയിനി ആയി ചേര്‍ന്നിരുന്നു. ലസിതിന്റെ ജേഷ്ഠ സഹോദരന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് (സി.ഇ.ടി) ബി.ടെക് പാസ്സായതിനു ശേഷം ഗള്‍ഫില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് ലഭ്യമായാല്‍ മാത്രമേ സി.ഇ.ടി. അഡ്മിഷന്‍ ലഭിക്കുകയുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് ഈ വസ്തുതകള്‍ മറച്ചുവച്ചു കൊണ്ടാണ് ചില മാധ്യമങ്ങള്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pr aravindakshan

1 min

ടാക്‌സി ഡ്രൈവറില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്: അരവിന്ദാക്ഷനെ കുടുക്കിയത് അക്കൗണ്ടിലെത്തിയ കോടികള്‍

Sep 27, 2023


pr aravindakshan mv govindan

1 min

അറസ്റ്റ് ഇ.ഡി മർദിച്ചത് പുറത്തുപറഞ്ഞതിനെന്ന് അരവിന്ദാക്ഷൻ; പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് ഗോവിന്ദൻ

Sep 26, 2023


KARUVANNUR

2 min

പരാതി മുതല്‍ അറസ്റ്റ് വരെ, പാര്‍ട്ടി അന്വേഷണവും: കരുവന്നൂരില്‍ സംഭവിച്ചത്

Sep 27, 2023


Most Commented