പ്രതീകാത്മകചിത്രം | Photo : Pixabay
തിരുവനന്തപുരം: 17-വര്‍ഷം മുമ്പ് നടന്ന ശ്യാമള്‍ മണ്ഡല് വധക്കേസില്‍ രണ്ടാംപ്രതി ആന്‍ഡമാന്‍ സ്വദേശിയായ മുഹമ്മദാലി കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ശ്യാമള്‍ മണ്ഡല് 2005-ലാണ് കൊല്ലപ്പെടുന്നത്.
2005 ഒക്ടോബര്‍ 13-ന് അദ്ദേഹത്തെ രണ്ടുപേര്‍ കിഴക്കേക്കോട്ടയിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി. പിന്നാലെ മകനെ വിട്ടുനല്‍കാന്‍ മോചനദ്രവ്യമായി 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്യാമള്‍ മണ്ഡലിന്റെ പിതാവ് ബസുദേവ് മണ്ഡലിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ പിതാവ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
പ്രതികളെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി പിടികൂടാന്‍ പോലീസ് അന്ന് ശ്രമം നടത്തിയിരുന്നു. ചെന്നൈയില്‍വച്ച് മോചനദ്രവ്യം കൈമാറാമെന്ന വാഗ്ദാനം നല്കി പ്രതികളെ ചെന്നൈയില്‍ എത്തിക്കാനാണ് നീക്കം നടന്നത്. എന്നാല്‍ പോലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് ഒക്ടോബര്‍ 24-ന് കോവളത്തെ ഒഴിഞ്ഞ പ്രദേശത്ത് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ലോക്കല്‍ പോലീസാണ് കേസ് ആദ്യമായി അന്വേഷിച്ചത്. എന്നാല്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.
2008 ല്‍ സിബിഐ കേസ് ഏറ്റെടുത്തു. തുടര്‍ന്നാണ് ആന്‍ഡമാന്‍ സ്വദേശി മുഹമ്മദാലി അറസ്റ്റിലാകുന്നത്. കേസിലെ ഒന്നാം പ്രതി ദീപക് ഇപ്പോഴും ഒളിവിലാണ്. ദീപക്കിനെ കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ സിബിഐ 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ശ്യമള്‍ മണ്ഡലിന്റെ പിതാവ് ബസുദേവ് മണ്ഡലിനോട് പ്രതികള്‍ക്കുള്ള വൈരാഗ്യത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.
Content Highlights: Shyamal Mandal murder case Thiruvananthapuram special CBI court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..