കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ. സര്‍ക്കാരിന്റെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ജസ്റ്റിസ് കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനാണ് സ്റ്റേ. 

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാനുള്ള അധികാരമില്ല. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പഴയ മദ്രാസ് പ്രവിശ്യയുടെ കീഴിലുള്ള സ്ഥലമാണ്. കേരള ഹൈക്കോടതിക്ക് അവിടെ നിന്നുള്ള കേസുകളുടെ കാര്യത്തില്‍ അപ്പീല്‍ അധികാരമില്ല. ഇത് പരിഗണിക്കേണ്ടത് സുപ്രീംകോടതിയാണ് എന്ന് ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഈ നിയമ പ്രശ്‌നം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു. ഈ മാസം 23-ന് സര്‍ക്കാരിന്റെ അപ്പീല്‍ കോടതി വീണ്ടും പരിഗണിക്കും. അതു വരെയാണ് സ്റ്റേ ചെയ്തിട്ടുള്ളത്.