ന്യൂഡൽഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരുമായുള്ള അടുത്ത ബന്ധം കേരള പോലീസ് അന്വേഷിച്ചില്ല എന്ന് ഷുഹൈബിന്റെ പിതാവ് സി. പി മുഹമ്മദും മാതാവ് എസ്. പി റസിയയും. ഷുഹൈബ് കൊലപാതക കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആണ് മാതാപിതാക്കള്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കൊലപാതക കേസ് ഉള്‍പ്പടെ 11 കേസ്സുകളില്‍ ആകാശ് തില്ലങ്കേരി പ്രതി ആണ്. കാപ്പ നിയമ പ്രകാരം ആകാശിന് എതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ആകാശ് ഉള്‍പ്പടെ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് എതിരായ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി രതീഷ്, ഷുഹൈബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചും അന്വേഷണം നടത്തിയില്ലെന്നും മാതാപിതാക്കള്‍ അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത്. എന്നാല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം വേണ്ട എന്ന് നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. കൊലപാതക സമയത്ത് മൂന്ന് ബോംബുകള്‍ പൊട്ടി എന്ന് ദൃക്സാക്ഷികളുടെ മൊഴി ഉണ്ടായിട്ടും യു.എ.പി.എ ചുമത്തിയില്ല. യു.എ.പി.എ ചുമത്തിയിരുന്നു എങ്കില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമായിരുന്നു എന്നും ശുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രാദേശിക വൈരമാണ് കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലക്കേസില്‍ അറസ്റ്റിലായവര്‍ക്ക് ആര്‍ക്കും ഷുഹൈബുമായി നേരിട്ട് പരിചയമോ, ശത്രുതയോ പോലും ഇല്ലെന്നും മാതാപിതാക്കള്‍ അവകാശപ്പെടുന്നു.
മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ മേഖലയില്‍ ബാധകമായിരുന്ന നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ അനുവദനീയമല്ലെന്നും സുപ്രീം കോടതിയാണ് അപ്പീല്‍ പരിഗണിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി എതിരാകുക ആണെങ്കില്‍ ഈ വാദം ഉന്നയിച്ച് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം എന്ന് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചതിനെയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജിയില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ എതിര്‍ത്തിട്ടുണ്ട്.
content highlights: Shuhaib murder case parents statement in Supremecourt