കോഴിക്കോട്:  മുട്ടില്‍ മരംമുറിക്കേസ് അന്വേഷണസംഘത്തില്‍ അഴിച്ചുപണി. മരംമുറിക്കേസിലെ ഉദ്യോഗസ്ഥതല വീഴ്ച ചൂണ്ടിക്കാണിച്ച ഡി.എഫ്.ഒ. ബി. ധനേഷ് കുമാറിനെ സംഘത്തില്‍നിന്ന് മാറ്റി. ഡി.എഫ്.ഒ. ഷാനവാസിനെ വയനാടിന്റെ ചുമതലയില്‍നിന്ന് നീക്കുകയും ചെയ്തു. ഇടുക്കിയിലേക്കാണ് ഷാനവാസിനെ മാറ്റിയിരിക്കുന്നത്. തൃശ്ശൂരിന്റെയും എറണാകുളത്തെയും പരിശോധനാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാര്‍. ഭരണപരമായ കാരണം എന്ന് ചൂണ്ടിക്കാട്ടി മാറ്റിയിരിക്കുന്നത്. 

കേസിലെ പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ കഴിഞ്ഞ ദിവസം ഒരു വ്യാജ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണസംഘത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും അവരെ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുത്താനുമുള്ള നീക്കമായിരുന്നു ഇതെന്ന ആരോപണം പരിസ്ഥിതിസ്‌നേഹികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതിസ്‌നേഹികളുടെ ആശങ്കയെ ശരിവെക്കുന്ന വിധത്തിലുള്ളതാണ് സര്‍ക്കാരിന്റെ നീക്കം.

വ്യാജ അഴിമതി ആരോപണം ഉന്നയിച്ചവരുടെ വാദങ്ങള്‍ പരിഗണിച്ചാല്‍ തന്നെയും ഇത്രയും അധികം കേസുകള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന ചോദ്യം ഉയരും. വയനാട്ടില്‍ ഈ ഉദ്യോഗസ്ഥര്‍ ചുമതലയിലുള്ളപ്പോഴാണ് ഏറ്റവും അധികം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 43 കേസുകളാണ് മരംമുറിക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. റവന്യൂ വകുപ്പ് നല്‍കിയ 13 പാസുകളും റദ്ദ് ചെയ്തിരുന്നു. തടി കടത്താന്‍ ശ്രമിച്ചവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ഇവര്‍ക്കെതിരെ മറ്റ് നടപടികളും എടുക്കുകയുണ്ടായി. ഇത്തരത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട സംഘത്തിലുള്ളവരെയാണ് ഇപ്പോള്‍ നടപടി. കേസിലെ പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ വാദിക്കുന്നതിന് അനുസരിച്ചാണോ അന്വേഷണസംഘത്തിലുള്ളവരെ സര്‍ക്കാര്‍ മാറ്റേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

content highlights: shuffle in enquiry team of mutil tree felling case