തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ മുന്‍ കോണ്‍സുല്‍ ജനറല്‍, മുന്‍ അറ്റാഷെ എന്നിവര്‍ക്ക് ഷോകോസ് നോട്ടീസ് കൈമാറി. നേരത്തെ കസ്റ്റംസ് ഇവര്‍ക്കെതിരെ ഷോകോസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും ഷോകോസ് നോട്ടീസ് കൈമാറിയിരിക്കുന്നത്. 

നടപടിക്രമം അനുസരിച്ച് വിദേശകാര്യ മന്ത്രാലയം വഴിയാണ് മുന്‍ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബി, മുന്‍ അറ്റാഷെ റാഷീദ് ഖാമീസി എന്നിവര്‍ക്ക് നോട്ടീസ് കൈമാറിയത്. നോട്ടീസ് ലഭിച്ചവര്‍ അതിന് മറുപടി നല്‍കുക എന്നുള്ളതാണ് അടുത്ത നടപടിക്രമം. അതിനുശേഷം കേസില്‍ തുടര്‍നടപടികളിലേക്ക് കസ്റ്റംസ് കടക്കും. വളരെ നിര്‍ണായകമായ നീക്കമാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി മുന്നോട്ട് പോകാന്‍ കസ്റ്റംസിന് സാധിക്കും. 

95 കിലോയോളം സ്വര്‍ണം കടത്താന്‍ കോണ്‍സുല്‍ ജനറലും 71 കിലോ സ്വര്‍ണം കടത്താന്‍ അറ്റോഷെയും കൂട്ടുനിന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിനെപ്പറ്റി വ്യക്തമായ ധാരണ ഇരുവര്‍ക്കും ഉണ്ടായിരുന്നു, സരിത്ത് ഇവരുടെ വ്യാജ ഒപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞും ഇതിന് വേണ്ടി വിസയും പാസ്‌പോര്‍ട്ടും പ്രതികള്‍ക്ക് നല്‍കുക തുടങ്ങിയ നിരവധി കുറ്റങ്ങള്‍ നിരത്തിക്കൊണ്ടുള്ള ഷോകോസ് നോട്ടീസാണ് ഇപ്പോള്‍ ഇരുവര്‍ക്കും കൈമാറിയിരിക്കുന്നത്.

Content highlights: Show cause notice issued by customs to former consul general and atache on gold smuggling case