കൊച്ചി: കര്‍ഷക സമരത്തെ അനുകൂലിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തടയാതെ കേരള ഹൈക്കോടതി. ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി. ആവശ്യമുള്ളവര്‍ക്ക് ജോലിക്ക് പോകാം, ഹര്‍ത്താലിനോട് സഹകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ജോലിക്ക് പോകണമെന്നുണ്ടെങ്കില്‍ മതിയായ സംരക്ഷണം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. 

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഹര്‍ത്താല്‍ സംബന്ധിച്ച് മുന്‍പ് കോടതി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ആരുടേയും സഞ്ചാരസ്വാതന്ത്ര്യം ഹര്‍ത്താലിന്റെ പേരില്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഹര്‍ത്താലുമായി സഹകരിക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്- കോടതി പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Content Highlights: should allow security to those who oppose harthal says Highcourt