
പ്രതീകാത്മകചിത്രം
കോഴിക്കോട്: മലമ്പനി ഗുരുതരമാകുന്ന രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ആര്ട്ടിസുനേറ്റ്, ക്യുനീന്, മെഫ്ലോക്വിന്‍ മരുന്നുകള്‍ക്ക് കേരളത്തില്‍ ക്ഷാമം നേരിടുന്നു. കോവിഡിന് മുമ്പ് കേരളത്തില്‍ ലഭ്യമായിരുന്ന ഇത്തരം മരുന്നുകളാണ് ഇപ്പോള്‍ കിട്ടാനില്ലാത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യആശുപത്രിയില്‍ വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയ രോഗിയില്‍ മലമ്പനി സ്ഥിരീകരിച്ചിരുന്നു. ഫാല്‍സിപാറം, വൈവാക്സ് എന്നീ പാരസൈറ്റുകളുടെ സാന്നിധ്യമാണ് ഈ രോഗിയുടെ രക്തത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എമര്‍ജന്‍സി ആവശ്യത്തിന് കരുതിവെച്ചിരുന്ന ആര്ട്ടിസുനേറ്റ് മരുന്ന് ഉപയോഗിച്ച് ഇവരുടെ ചികിത്സ തുടങ്ങിയെങ്കിലും തുടര്‍ചികിത്സക്കായുള്ള മരുന്നിന് കനത്ത ക്ഷാമം നേരിട്ടതായും പലയിടത്തും അന്വേഷിക്കേണ്ടി വന്നെന്നും രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.
''വിട്ടുമാറാത്ത പനിയും രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിലുമാണ് ഉഗാണ്ടയില്‍ നിന്ന് തിരിച്ച് വന്ന രോഗി എത്തിയത്. സാധാരണ രീതിയില്‍ വിദേശയാത്ര കഴിഞ്ഞ് എത്തിയ രോഗിയില്‍ നീണ്ടുനില്‍ക്കുന്ന പനി കണ്ടാല്‍ ആ രാജ്യങ്ങളില്‍ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനികളല്ല എന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്യാറ്. യെല്ലോ ഫീവര്‍, റിഫ്റ്റ് വാലി ഫീവര്‍, മലേറിയ തുടങ്ങിയ സാധ്യതകളാണ് പരിഗണിച്ചത്. തുടര്‍പരിശോധനയില്‍ മലേറിയ സ്ഥിരീകരിക്കുകയും ചെയ്തു. ആര്ട്ടിസുനേറ്റ് ചികിത്സ തുടങ്ങിയ ശേഷവും പനി തുടരുകയും രക്തത്തിലെ മലേറിയ അണുക്കളുടെ എണ്ണം കുറയാതിരിക്കുകയും ചെയ്തപ്പോളാണ് ആര്ട്ടിസുനേറ്റ് മരുന്ന് ഫലപ്രദമല്ലാത്ത അപൂര്‍വ ഇനം മലേറിയയുടെ സാധ്യത സ്ഥിരീകരിച്ചത്. ഇത്തരം രോഗികളില്‍ ക്യുനീന്, മെഫ്ലോക്സിന് തുടങ്ങിയ മരുന്നുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഈ മരുന്നുകള്‍ വിപണിയിലും മലേറിയ കണ്ട്രോള് സെല്ലിലും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്".- ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ് , ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്
മരുന്നിന് ക്ഷാമമുണ്ടെന്ന് മാത്രമല്ല കിട്ടിയ ആര്ട്ടിസുനേറ്റ് മരുന്ന് മതിയായ ഗുണനിലവാരം ഇല്ലാത്തതാണെന്നും പരാതിയുണ്ട്.
Content Highlights: Shortage of antimalarial drugs in kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..