കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡം നിശ്ചയിക്കുന്നവരുടെ നിലപാടുകള്‍ പലപ്പോഴും അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും സി.പി.എം. മുന്‍ എം.എല്‍.എയുമായ വി.കെ.സി. മമ്മദ് കോയ.

ഇടത് അനുകൂല വ്യാപാര സംഘടനയാണ് വ്യാപാരി വ്യവസായി സമിതി.  മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഈ അശാസ്ത്രീയ നിലപാടുകള്‍മൂലമാണ് കടയടയ്ക്കലുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് പ്രശ്‌നമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ ഒരുദിവസം തുറക്കുമ്പോള്‍ ഏഴുദിവസവും വരേണ്ട ആളുകള്‍ ഒരുദിവസം തന്നെ വരികയാണ്. ഏഴുദിവസങ്ങളിലായി വരേണ്ട ആളുകള്‍ ഒരുദിവസം വരുമ്പോള്‍ അവിടെ തിരക്കുണ്ടാവുകയും കോവിഡ് മാനദണ്ഡം പാലിക്കാനാകാനാകാതെ വരികയും ചെയ്യുമെന്നും മമ്മദ് കോയ പറഞ്ഞു. 

അതേസമയം എല്ലാദിവസവും ഏതെങ്കിലും സമയം കുറച്ച് ക്രമീകരിച്ച് കടകള്‍ തുറക്കുകയാണെങ്കില്‍ ഈ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ അഭിപ്രായം. കോവിഡ് മാനദണ്ഡം നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥന്മാര്‍ മാത്രം ചേര്‍ന്നുകൊണ്ടാണ്. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുന്നില്ല. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുകയാണെങ്കില്‍ ചില പരാതികള്‍ നിസ്സാരമായി തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 സെക്രട്ടേറിയേറ്റിനു മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പിലും ഇന്ന് വ്യാപാരി വ്യവസായി സമിതി പ്രതിഷേധം സംഘടിപ്പിക്കും.

content highlghts: shop opening: vkc mammad koya alleges unscientific approach in decision making