കോഴിക്കോട്/ തിരുവനന്തപുരം:  ജെ.എന്‍.യുവില്‍ നടന്ന ഗുണ്ടാവിളയാട്ടത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും. പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എന്‍. യുവില്‍ കണ്ടതെന്ന് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സത്യം അന്വേഷണത്തില്‍ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. ഇടതു ജിഹാദി വാട്‌സാപ്പ് ഗ്രൂപ്പിനെ പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാര്‍ത്തയായില്ലെന്നും അദ്ദേഹം പറയുന്നു.

രക്തം വാര്‍ന്നൊലിച്ച മുഖവുമായി ക്യാമറകള്‍ക്ക് മുമ്പിലെത്തി നാടകം കളിക്കുകയായിരുന്നുവെന്ന് എബിവിപി പുറത്തുവിട്ട വീഡിയോ പങ്കുവെച്ച് ശോഭ സുരേന്ദ്രന്‍ പറയുന്നു

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എന്‍. യുവില്‍ കണ്ടത്. റജിസ്‌ട്രേഷനെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാര്‍ നടത്തിയ അക്രമം വാര്‍ത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാര്‍ത്തയല്ല. ഇടതു ജിഹാദി വാട്‌സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാര്‍ത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സില്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയേ അല്ല. ഏകപക്ഷീയമായ വാര്‍ത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാന്‍ പോകുന്നില്ല. സത്യം അന്വേഷണത്തില്‍ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. മംഗലാപുരത്തും ലക്‌നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കില്‍ ജെ. എന്‍. യുവില്‍ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും.

ശോഭ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പൂര്‍ണ്ണ ചിത്രമിതാണ്. ഇന്നലെ തല പൊട്ടി മീഡിയക്ക് മുന്നില്‍ പെര്‍ഫോമന്‍സ് തകര്‍ത്ത കുട്ടി സഖാവ്, തന്നെ തല്ലിയ മുഖംമൂടിക്കാരുടെ കൂടെ ആദ്യം അകത്തേക്ക് വരുന്നു. പിന്നീട് ആക്രമിക്കാന്‍ ആവശ്യപ്പെടുന്നു. അടി പിടിയില്‍ രക്തം വാര്‍ന്നൊലിച്ച മുഖമായി മുന്‍പ് സജ്ജമാക്കിയ ക്യാമറകള്‍ക്ക് മുന്നിലെത്തുന്നു. യോഗേന്ദ്ര യാദവും ഡി രാജയും നിമിഷങ്ങള്‍ക്കകം JNU വില്‍ എത്തുന്നു. അതോടെ കര്‍ട്ടന്‍ വീഴുന്നു. എന്തൊക്കെ നാടകം കളിച്ചാലും സത്യം പുറത്ത് വരും. അതോര്‍ത്താല്‍ നന്ന്.

Content Highlights: K surendran facebook post on about JNU issue