പാലക്കാട്:  സഖാവ് ഓമനക്കുട്ടന്റെ  മകളുടെ എം.ബി.ബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സിപിഎം പ്രചാരണങ്ങള്‍ക്കെതിരെ ശോഭ സുരേന്ദ്രന്‍. മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ച സര്‍ക്കാരും സിപിഎമ്മുമാണ് ഓമനക്കുട്ടന്റെ മകളുടെ മെഡിക്കല്‍ പ്രവേശനത്തെ ആഘോഷമാക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ സുരേന്ദ്രന്റെ വിമര്‍ശനം

പ്രളയ സമയത്ത്  ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന തെറ്റായ വാര്‍ത്തകളെ തുടര്‍ന്ന് വേട്ടയാടപ്പെട്ടയാളാണ് സഖാവ് ഓമനക്കുട്ടന്‍. പാര്‍ട്ടി ഓമനക്കുട്ടനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സത്യാവസ്ഥ പുറത്തുവന്നതോടെ അച്ചടക്ക നടപടി പിന്‍വലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഓമനക്കുട്ടന്റെ മകള്‍ സുകൃതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചിരുന്നു. ഈ വാര്‍ത്തയ്ക്ക് ഇടതുപക്ഷം വന്‍ പ്രചാരണം കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശോഭ സുരേന്ദ്രന്‍ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനുമായി രംഗത്തെത്തിയത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം 

സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കള്‍ക്കും ആ അവസരം കൈവന്നാല്‍ സന്തോഷം മാത്രമേയുള്ളു. എന്നാല്‍ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ MBBS  വിദ്യാഭ്യാസത്തിനുള്ള ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാരും സിപിഎമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോള്‍ സഹതാപം മാത്രമേയുള്ളു. 
ആരോഗ്യവകുപ്പ് സെക്രട്ടറിയും പ്രവേശന പരീക്ഷ കമ്മീഷണറും അടങ്ങുന്ന സര്‍ക്കാര്‍ സമിതിയാണ് 2017ല്‍ പ്രഫഷണല്‍ മെഡിക്കല്‍ വിദ്യാഭ്യാസം പണക്കാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ട് ഫീസ് വര്‍ധിപ്പിച്ചത്. 

2016 അധ്യായന വര്‍ഷത്തില്‍ ക്രിസ്ത്യന്‍ കോളേജുകള്‍ ഒഴികെയുള്ള കോളേജുകളില്‍ ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപതു കുട്ടികളും രണ്ടരലക്ഷം രൂപയ്ക്കു മുപ്പതുകുട്ടികളും പഠിച്ച സ്ഥാനത്ത് എല്ലാവരും അഞ്ചര ലക്ഷം രൂപ കൊടുക്കണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. അഞ്ചരലക്ഷം രൂപ ഒരു വര്‍ഷം എന്ന് പറയുമ്പോള്‍ 27.5 ലക്ഷം രൂപ മുടക്കാന്‍ പറ്റുന്നവര്‍ അപേക്ഷിച്ചാല്‍ മതി എന്ന് തീരുമാനമെടുത്തതും ഈ സര്‍ക്കാരാണ്. ഈ പണം മുടക്കാന്‍ ത്രാണിയില്ലാത്തവര്‍ ഈ മേഖലയില്‍ നിന്ന് പിന്മാറുമ്പോള്‍ കിട്ടുന്നതിന്റെ പേരാണ് ഏകീകൃത മെറിറ്റ് ലിസ്റ്റെന്ന് പറഞ്ഞതും ഈ സര്‍ക്കാരാണ് ! എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ ബി സിക്കാരോട് അഞ്ചര ലക്ഷം രൂപ വാര്‍ഷിക ഫീസ് വാങ്ങുന്നതിനോളം യുക്തിരഹിതമായ തീരുമാനം മറ്റെന്താണുള്ളത്? 

മെഡിക്കല്‍ വിദ്യാഭ്യാസം സ്വപ്നമായി കൊണ്ടുനടക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ധിപ്പിച്ച് വഞ്ചിക്കുകയും സ്വപ്രയത്‌നം കൊണ്ട് എം ബി ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഗതിക്കെട്ട പാര്‍ട്ടിയാണ് സിപിഎം. കിറ്റ് വിറ്റ് വോട്ട് നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പിന്നോക്ക സ്വത്വം വില്‍ക്കാന്‍ ധര്‍മ്മികമായും വേറെ പ്രശ്‌നങ്ങളുണ്ടാകില്ലല്ലോ?

Content Highlight: Shobha surendran facebook post against CPM