പറഞ്ഞതില്‍ ഉറച്ച്  നില്‍ക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോവണമെന്ന തന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത് കൊണ്ട് ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഗവര്‍ണറെ അപമാനിക്കുക എന്നതല്ല തങ്ങളുടെ നിലപാടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 

രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ പ്രസംഗിക്കവെയായിരുന്നു ഗവര്‍ണര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഞായറാഴ്ച ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. പ്രസംഗം വിവാദമായതോടെ ഗവര്‍ണറെ ബി.ജെ.പി സമ്മര്‍ദ്ധപ്പെടുത്തി രാജിവെപ്പിക്കാനൊരുങ്ങുകയാണെന്ന ആരോപണവും ഉയര്‍ന്ന് വന്നിരുന്നു. 

ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് അത് പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം എം.ടി രമേശ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന വികാരപ്രകടനം മാത്രമാണെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ തിങ്കളാഴ്ച നിയമസഭയെയും അറിയിച്ചിരുന്നു. ഇതുമായി  ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് തന്റെ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ശോഭാസുരേന്ദ്രന്‍ പറഞ്ഞത്. 

ക്രമസമാധാനം തകര്‍ന്നുവെന്ന് പ്രതിപക്ഷം ഒന്നടങ്കം പറയുമ്പോഴും അതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിക്കാന്‍ പോലും ഗവര്‍ണര്‍ തയ്യാറായിട്ടില്ല. ഗവര്‍ണര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.