തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ വിളിച്ചുവരുത്തി. അദ്ദേഹത്തോട് വിദശദീകരണം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. നിയമപരമായ നടപടികളാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിശുക്ഷേമ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യങ്ങളില്‍ വീശദീകരണം ആരായുന്നതിനാണ് ഷിജുഖാനെ വിളിച്ചുവരുത്തിയത്. കുഞ്ഞിന് ജന്മം നല്‍കിയ ആള്‍ ജീവിച്ചിരിക്കെ ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ മറ്റൊരു ദമ്പതികമാര്‍ക്ക് കുഞ്ഞിനെ ദത്ത് നല്‍കിയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പരാതിയുമായി അമ്മ ശിശുക്ഷേമ സമിതിയെ സമീപിച്ചതിനുശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികളുമായി മുന്നോട്ടുപോയതും വിശദീകരിക്കേണ്ട സാഹചര്യമുണ്ട്.

കുഞ്ഞിനെ ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടിയെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി, കുട്ടിയുടെ അച്ഛന്റെ പേര് മാറ്റി നല്‍കി എന്നിങ്ങനെയുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ഷിജുഖാനോട് വിശദീകരണം ചോദിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ വനിതാ-ശിശു വികസന സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ദത്ത് നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഔദ്യോഗിക വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Shijukhan summoned by Women and Child Development director