കൊല്ലം: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയതായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പാര്‍ട്ടിയോട് അവധി അപേക്ഷിച്ചതായി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് മുന്നണി മാറാനോ മറ്റൊരു മുന്നണിയിലേക്ക് പോകാനോ തങ്ങള്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. അതേ സമയം  അത്തരമൊരു ആലോചനകള്‍ വേണ്ടി വന്നാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്പിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചില വാര്‍ത്തകള്‍ കണ്ടു, അതൊന്നും ശരിയല്ലെന്നും അസീസ് വ്യക്തമാക്കി.

ആര്‍എസ്പിക്ക് അത്ര ഗതികേടില്ലെന്നും ഏതെങ്കിലും മുന്നണിയിലേക്ക് പോകാന്‍ കോവൂര്‍ കുഞ്ഞുമോന്റെ ക്ഷണം വേണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. 2014-ന് ശേഷം എല്‍ഡിഎഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആര്‍എസ്പിക്ക് എല്‍ഡിഎഫിലേക്ക് പോകേണ്ടി വന്നാല്‍ ആരോടാണ് സംസാരിക്കേണ്ടെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഇന്ന് നടന്ന ആര്‍എസ്പി നേതൃയോഗത്തില്‍ മുന്നണി വിടണമെന്ന ആവശ്യം പാര്‍ട്ടി നേതാക്കളില്‍ നിന്നുയര്‍ന്നു. എന്നാല്‍ ജയപരാജയത്തിന്റെ പേരില്‍ മുന്നണിവിടണമെന്ന അഭിപ്രായ സമന്വയത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് എത്തിച്ചേര്‍ത്തു. അതേ സമയം തന്നെ ഭാവിയില്‍ മുന്നണി മാറ്റത്തിനുള്ള സാധ്യകളും ആര്‍എസ്പി തള്ളകളയുന്നില്ല. 

ഇത്തവണ അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഒരിടത്ത് പോലും ജയിക്കാനായിരുന്നില്ല. 2016-ലെ തിരഞ്ഞെടുപ്പിലും വട്ടപൂജ്യമായിരുന്നു ആര്‍എസ്പിക്ക് നിയമസഭയിലെ ഫലം.