കൊല്ലം: ആര്‍എസ്പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം എല്‍ഡിഎഫിനകത്ത് കേറിയിട്ടാകാം മറ്റുള്ളവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഷിബു ബേബി ജോണ്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

'ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്'. ഷിബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

യു.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി ഷിബു കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തതിന് പിന്നാലെയാണ് കോവൂര്‍ കുഞ്ഞുമോന്‍ അദ്ദേഹത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ആര്‍എസ്പിയില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായത്. 

content highlights: Shibu Baby John facebook post against Kovoor Kunjumon