ഷെസിന
കോഴിക്കോട്: ആ കാഴ്ച അവള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല; എന്നാലും ദിവസവും അവളുടെ ഓര്‍മയിലേക്ക് വന്നത് ആ കാഴ്ചയായിരുന്നു. പ്രിയപ്പെട്ട അധ്യാപകന്‍ ക്ലാസ് മുറിയില്‍ വെട്ടേറ്റ് പിടഞ്ഞുമരിച്ച കാഴ്ച ഇനി ഷെസിനയുടെ മനസ്സിനെ നൊമ്പരപ്പെടുത്തില്ല. അന്നത്തെ അഞ്ചാം ക്ലാസുകാരിയുടെ രണ്ടുദശകത്തിലേറെ നീണ്ട പേടിപ്പെടുത്തുന്ന കാഴ്ചകളുടെ ഓര്‍മകളില്‍നിന്ന് അവള്‍ വിടപറഞ്ഞു.
1999-ല്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റും ബി.ജെ.പി. നേതാവുമായിരുന്ന കെ.ടി. ജയകൃഷ്ണനെ ക്ലാസില്‍ വെട്ടിക്കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയായ പാനൂര്‍ കൂരാറ മണ്ടമുള്ളയില്‍ ക്ഷേത്രത്തിന് സമീപം ചെക്കൂട്ടിന്റവിട ഷെസിന (31) കഴിഞ്ഞദിവസം വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചത്.
പഴയ അഞ്ചാം ക്ലാസ് മുറിയിലെ ദാരുണമായ കാഴ്ചയില്‍ ഉടക്കിക്കിടക്കുകയായിരുന്നു ഇത്രയുംകാലം അവളുടെ ജീവിതം. സംഭവത്തിനുശേഷം സ്‌കൂളിന്റെ സമീപത്തേക്ക് അവള്‍ പോയില്ല. പുസ്തകം കാണുന്നതുപോലും പേടിയായി. ആംബുലന്‍സിന്റെ ശബ്ദം കേട്ടാല്‍ അവള്‍ ഓടിയൊളിക്കും. സ്‌കൂള്‍ മാറ്റിച്ചേര്‍ത്തെങ്കിലും പഠനം തുടരാനായില്ല. എന്നാല്‍, എസ്.എസ്.എല്‍.സി. പ്രൈവറ്റായി പഠിച്ച് പാസായി. കൊലപാതകം ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെയും ഗുരുതരമായി ബാധിച്ചതായും സമൂഹമാണ് കുട്ടിയെ കൊന്നതെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും ഷെസിനയുടെ അമ്മാവന്‍ പാനൂര്‍ സ്വദേശി ഭാഗ്യനാഥ് പറഞ്ഞു.
ഷെസിന മുമ്പും പലതവണ ആത്മഹത്യശ്രമം നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍' എന്ന മാനസിക രോഗമായിരുന്നു കുട്ടിക്കെന്ന് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക്വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എം. പ്രജിത്ത് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ ആത്മഹത്യയുടെ കാരണം തിരക്കിയപ്പോഴാണ് സംഭവങ്ങളെക്കുറിച്ച് ബന്ധുക്കള്‍ പറഞ്ഞത്. ഒരു മാനസികാഘാതം മൂലമുള്ള മരണം (സൈക്കോളജിക്കല്‍ ട്രോമ) ആദ്യമായാണ് കാണുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ: 1056)
Content Highlights: shesina death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..