ന്യൂഡല്‍ഹി : താലിബാന്‍ തീവ്രവാദികളില്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തില്‍ സന്തോഷം പങ്കിടുന്ന താലിബാന്‍ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളത്തില്‍ സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സൂചനയുള്ളത്‌.

'സംസാരിക്കട്ടെ' എന്ന് മലയാളത്തില്‍ തീവ്രവാദികളൊരാള്‍ പറയുന്നതായാണ് വീഡിയോയില്‍ അവ്യക്തമായി കേള്‍ക്കാനാവുന്നത്‌. ദൃശ്യമനുസരിച്ച് ആ താലിബാന്‍ കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

"ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും", എന്നാണ് തരൂരിന്റെ ട്വീറ്റ്.

റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തത്.

അതേസമയം കേരളത്തില്‍ നിന്നുള്ള തീവ്രവാദികള്‍ കൂട്ടത്തില്‍ ഇല്ലെന്നാണ് തരൂരിന് മറുപടിയായി വീഡിയോ ആദ്യം ഷെയര്‍ ചെയ്ത റമീസ് ട്വീറ്റ് ചെയ്തത്. 

"അവര്‍ ബലൂച്ചില്‍ നിന്നുള്ളവരാണ്. ദ്രാവിഡ ഭാഷയായ ബ്രാഹ്വിയാണ് അവര്‍ സംസാരിച്ചത്. ഈ ഭാഷയ്ക്ക് തമിഴ്, തെലുങ്ക്, മലയാളവുമായി സാമ്യതകളേറെയാണ്", റമീസ് ട്വീറ്റ് ചെയ്തു.

ഇതിനു തരൂര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. രസകരമായ വിശദീകരണമാണിതെന്നും യാഥാര്‍ഥ്യമെന്തെന്നത് ഭാഷാ പണ്ഡിതര്‍ക്കു വിടാമെന്നുമാണ് തരൂര്‍ മറുപടി നല്‍കിയത്. താലിബാനില്‍ ചേര്‍ന്ന മലയാളികളുണ്ടെന്നും അതിനാല്‍ തന്നെ മലയാളിയാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും തരൂര്‍ വിശദീകരിക്കുന്നു.

content highlights: Shashi Tharoor tweets taliban militants speaking in malayalam