തിരുവനന്തപുരം: കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ സന്ദര്‍ഭോചിതമായി ഉപയോഗിച്ച് ഫോളോവേഴ്‌സിനെ ഒരേസമയം ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശശി തരൂര്‍ എം.പി. തരൂരിന്റെ ഈ വാക്ചാതുരിക്ക് രാജ്യം മുഴുവന്‍ ആരാധകരുണ്ട്. വാക്കുകളുടെ അര്‍ഥം തിരഞ്ഞ്, അതില്‍ ഹാസ്യം കണ്ടെത്തി ആസ്വദിക്കുന്നവര്‍. 

എന്നാല്‍, സമീപകാലത്ത് പുതിയ ഇംഗ്ലീഷ് വാക്കുകളൊന്നും തരൂര്‍ ട്വീറ്റ് ചെയ്തിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡോ. പ്രിയ ആനന്ദ് തരൂരിന്റെ ട്വീറ്റിന് കമന്റ് ഇട്ടത്.' സര്‍ താങ്കളുടെ പ്രസംഗത്തിന് പുറമേ പുതിയ വാക്കുകള്‍ പഠിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ഇതുവരെ കേള്‍ക്കാത്ത പദപ്രയോഗത്തിലൂടെ മനസ്സിനെ പ്രീതിപ്പെടുത്തുന്നത് മഹത്തരമാണ്.' എന്നായിരുന്നു പ്രിയയുടെ  ട്വീറ്റ്. 

ട്വീറ്റിന് ഉടന്‍ പുത്തന്‍ വാക്കുമായി തരൂരിന്റെ മറുപടിയുമെത്തി. 'പൊഗൊണോട്രോഫി'(pogonotrophy) എന്ന വാക്കാണ് തരൂര്‍ ഇത്തവണ പരിചയപ്പെടുത്തിയത്. സുഹൃത്തായ രത്തിന്‍ റോയിയാണ്‌ തനിക്ക് ഈ വാക്ക് പരിചയപ്പെടുത്തി തന്നതെന്ന് തരൂര്‍ പറയുന്നു. 

'എന്റെ സുഹൃത്തും എക്‌ണോമിസ്റ്റുമായ രത്തിന്‍ റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു. പൊഗൊണോട്രോഫി. പൊഗൊണോട്രോഫി എന്നാല്‍ താടി വളര്‍ത്തല്‍. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പൊഗൊണോട്രോഫി എന്നത് മഹാമാരിയെ നേരിടാനുള്ള ഏകാഗ്രമായ മുഴുകലാണ്.' 

തരൂരിന്റെ ട്വീറ്റ് പതിവുപോലെ വൈറലായി. നിരവധി ആളുകളാണ് ശശി തരൂരിന്റെ വാക്‌സാമര്‍ഥ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.പുതിയ വാക്കുകളിലൂടെ പ്രധാനമന്ത്രിയെ തരൂര്‍ വിമര്‍ശിക്കുന്നത് ഇതാദ്യമല്ല. 2018-ല്‍ തന്റെ പുസ്തകമായ ദ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് തരൂര്‍ കുറിച്ച 29 അക്ഷരങ്ങളുളള 'ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍'  എന്ന വാക്കും തരംഗമായിരുന്നു.

Content Highlights: Shashi Tharoor shares a new word - pogonotrophy