തിരുവനന്തപുരം: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഓട്ടോ കെട്ടിവലിച്ച് തരൂരും പങ്കുചേര്‍ന്നത്. 

തൊഴിലാളികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം ഓട്ടോറിക്ഷ കെട്ടിവലിക്കുന്ന വീഡിയോയും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നൂറിലേറെ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചാണ് തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ തലസ്ഥാനത്തെ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 

യുഎസില്‍ ഇന്ധനത്തിന് 20 ശതമാനം നികുതി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ നികുതി 260 ശതമാനമാണെന്നും മറ്റൊരു ട്വീറ്റില്‍ തരൂര്‍ പറഞ്ഞു. ഇന്ധന വില വര്‍ധനവ് മറ്റു അവശ്യസാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്നും ഇന്ധന നികുതി കൊള്ള തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

content highlights: Shashi Tharoor pulls autorickshaw with rope to protest against soaring fuel prices