കേരള രാഷ്ട്രീയത്തില്‍ കളിക്കിറങ്ങി തരൂർ; പിന്നില്‍ ആര്?


ജേക്കബ് ജോര്‍ജ് ശശി തരൂർ,ഫോട്ടോ:മാതൃഭൂമി

രു തിരക്കഥയിലെന്ന പോലെയാണ് ശശി തരൂരിന്റെ നീക്കങ്ങള്‍. നാലുദിവസം നീണ്ടുനിന്ന മലബാര്‍ പര്യടനം ഒരു തുടക്കം മാത്രം. അതിസൂഷ്മമായ കൃത്യതയോടെ എഴുതിവെച്ച തിരക്കഥയില്‍ ഇനി വരുന്നത് കോണ്‍ഗ്രസിനെ മാത്രമല്ല, കേരള രാഷ്ട്രീയത്തെ ഒന്നാകെ പിടിച്ചുകുലുക്കാന്‍ പോകുന്ന അധ്യായങ്ങള്‍. പുതിയ തന്ത്രങ്ങളും നീക്കങ്ങളുമായി ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കളിക്കാനിറങ്ങുകയാണ്. ഓരോ നീക്കവും അളന്നുമുറിച്ചുകൊണ്ടുതന്നെ.

തരൂരിന്റെ തുടക്കം ഗംഭീരമായി. മലബാറിനെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു പര്യടനം തുടങ്ങിയത്. വളരെ കൃത്യമായി ചിട്ടപ്പെടുത്തിയ പരിപാടികള്‍. ഏറ്റവും പ്രധാന രാഷ്ട്രീയ പരിപാടി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ശശി തരൂരിന്റെ പ്രസംഗം. വിഷയം; 'സംഘപരിവാരവും മതേതരത്വം നേരിടുന്ന ഭീഷണിയും'. കോണ്‍ഗ്രസിലെ ഉന്നതര്‍ ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളെ ശാസിച്ചതോടെ അവര്‍ യോഗം നടത്തിപ്പില്‍നിന്നു പിന്‍മാറി. വിലക്കുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടുകയാണ് ചെയ്തത്. അതേ വേദിയില്‍ തരൂര്‍ പ്രസംഗിച്ചു. പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ തിങ്ങിക്കൂടി.കോഴിക്കോട്ടു തന്നെ കത്തോലിക്കാ സഭ താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചിനാനിയിലുമായി സംഭാഷണം, പാണക്കാട് മുസ്ലീം ലീഗ് ആധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ഉന്നത ലീഗ് നേതാക്കന്‍മാരുമായി കൂടിക്കാഴ്ച എന്നിങ്ങനെ നാലു ദിവസത്തെ തിരക്കിട്ട പരിപാടികള്‍.

കോണ്‍ഗ്രസ് നേതൃത്വം പെട്ടെന്ന് അപകടം മണത്തറിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മൂര്‍ച്ചയേറിയ വാക്കുകളുമായി തരൂരിനെ നേരിട്ടു. തങ്ങള്‍ നേതാക്കളായിരിക്കുമ്പോള്‍ വിഭാഗീയതയും സമാന്തര പാര്‍ട്ടി പ്രവര്‍ത്തനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും തരൂര്‍ തെല്ലും കുലുങ്ങിയില്ല. പരിപാടികളൊക്കെയും നിശ്ചയിച്ച പോലെ തുടര്‍ന്നു.

സതീശനു പിന്നില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ കൈയ്യുണ്ടെന്നതു സ്വാഭാവികം. ഹൈക്കമാന്‍ഡ് എന്നാല്‍ കെ.സി. വേണുഗോപാല്‍. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരേ കരുക്കള്‍ മുഴുവന്‍ നീക്കിയത് കെ.സി വേണുഗോപാലാണ്. പരാജയത്തിലും തിളങ്ങി ശോഭിച്ച ശശി തരൂര്‍ കേരളത്തില്‍ പുതിയ പോര്‍മുഖം തുറക്കുമെന്ന് ഹൈക്കമാന്‍ഡോ പാര്‍ട്ടി കേരള നേതൃത്വമോ കണക്കുകൂട്ടിയില്ല. തരൂര്‍ പര്യടനം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അതിനുപിന്നിലെ ഭീഷണി ഹൈക്കമാന്‍ഡും കേരളനേതൃത്വവും അറിഞ്ഞത്. അപ്പോഴേക്ക് തരൂര്‍ ഏറെ മുന്നേറിയിരുന്നു. പാണക്കാട്ട് ലീഗ് നേതൃത്വവുമായി ചര്‍ച്ച നടക്കുംവരെ.

തരൂര്‍ തുടങ്ങിവെച്ച മലബാര്‍ പര്യടനത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിപാടികളുടെ കൃത്യതയും മര്‍മവുമൊക്കെ സൂക്ഷിച്ചു നോക്കിയാലറിയാം ഇതിനുപിന്നിലെ രാഷ്ട്രീയത്തിന്റെയും തന്ത്രങ്ങളുടെയും സ്വഭാവം. ശശി തരൂര്‍ ഇതുവരെ കേരള രാഷ്ട്രീയത്തില്‍ കളത്തിലിറങ്ങി കളിച്ചിട്ടില്ല. ഡല്‍ഹിയിലാവട്ടെ, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അദ്ദേഹം. അവിടെയും പരിധിവിട്ട് ഇടപെടാനുള്ള അവസരം അദ്ദേഹത്തിന് നല്‍കാതിരിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രദ്ധിച്ചു പോരികയും ചെയ്തു.

ഇന്നിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ മുന്‍നിര കളിക്കാരനായി മാറിയിരിക്കുന്നു തരൂര്‍. പക്ഷേ, വെറുമൊരു ഒറ്റയാന്‍ കളിക്കാരനല്ല തരൂര്‍. തരൂരിനു പിന്നില്‍ കോണ്‍ഗ്രസിന്റെ വന്‍ വൃക്ഷങ്ങള്‍ തന്നെയുണ്ട്, താങ്ങും തണലുമായി.

മലബാറില്‍ തരൂരിനോടൊപ്പം എല്ലാ പരിപാടികളിലും കൂടെയുണ്ടായിരുന്നത് എം.കെ രാഘവനായിരുന്നു. നിഴല്‍പോലെ ഒപ്പം നിന്നു എം.കെ രാഘവന്‍. ഒരിക്കലും സ്വന്തമായി എന്തെങ്കിലുമൊരു രാഷ്ട്രീയ നീക്കം നടത്തുന്ന നേതാവല്ല അദ്ദേഹം. ബഹളക്കാരനോ എടുത്തുചാട്ടക്കാരനോ അല്ല. ഒരുപക്ഷേ, രാഘവന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഹൈക്കമാന്റിനെ വരെ ധിക്കരിക്കാന്‍ പോരുന്ന, ഇതുപോലൊരു നീക്കം ആദ്യമായിട്ടുതന്നെയാവും. തരൂരിനൊപ്പമാണ് എം.കെ. രാഘവനും ലോക്സഭയിലെത്തിയത്. തരൂര്‍ തിരുവനന്തപുരത്തുനിന്നും രാഘവന്‍ കോഴിക്കോട്ടുനിന്നും.

കെ. മുരളീധരനും ശശി തരൂരിനെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. മുരളീധരന്റെ പിതാവ് കെ. കരുണാകരന്‍ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കാലത്ത് കെ.എസ്.യുവിലൂടെ വളര്‍ന്നുവന്ന നേതാവാണ് കെ.സി. വേണുഗോപാല്‍. തരൂര്‍ കേരള രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ പിന്തുണ പ്രഖ്യാപിക്കാന്‍ മുരളീധരന് വേറെ കാരണമൊന്നും വേണ്ട.

കെ. സുധാകരനും തരൂരിനെതിരെ ഒന്നും മിണ്ടുന്നില്ല. കോണ്‍ഗ്രസില്‍ കാറ്റിന്റെ ഗതി മാറുന്നത് സുധാകരനും മനസ്സിലാക്കിയിട്ടുണ്ടാവും.

അവസാനം, എന്നാല്‍ ഏറ്റവും പ്രധാനമായി ഉമ്മന്‍ചാണ്ടിയുടെ പേരുകൂടി നോക്കണം. ജര്‍മനിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടി വിശ്രമത്തിലാണ്. പക്ഷെ, ഉമ്മന്‍ചാണ്ടി ഇപ്പോഴും എപ്പോഴും ഉണര്‍ന്നിരിക്കുന്നവനാണ്. ശശി തരൂരിന്റെ എണ്ണം കുറിച്ച പടനീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളും ഉണ്ടാവില്ലേ?

ആന്റണി പക്ഷത്തിന് ഇനി പുതിയൊരു നേതാവു വേണം. ആ നേതാവ് മുഖ്യസ്ഥാനത്തേക്ക് പറ്റിയ ആളുമായിരിക്കണം. ആന്റണി പക്ഷത്തിന്റെ പുതിയ നേതാവായി, പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി, സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുത്ത നേതാവല്ലേ ശശി തരൂര്‍?

ഇനി ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന്റെ വിശദാംശങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഇരുത്തംവന്ന ഒരു നേതാവിന്റെ, ഏറെ യുദ്ധങ്ങള്‍ പൊരുതി ജയിച്ചിട്ടുള്ള ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ, കൈയൊപ്പ് അതിലൊക്കെ കാണുന്നില്ലേ? കോഴിക്കോട്ട് ഡി.സി.സിയില്‍ ചേര്‍ന്ന സമ്മേളനം മുതല്‍ പാണക്കാട്ടുനടന്ന ഉന്നതതല രാഷ്ട്രീയ ചര്‍ച്ചവരെ എത്രയെത്ര പരിപാടികള്‍? ഇനി കോട്ടയത്ത് എന്‍.എസ്.എസ് സമ്മേളനത്തിലെ പ്രസംഗം മുതല്‍ വരാനിരിക്കുന്ന പരിപാടികളെത്രയെത്ര? ഇതിലൊക്കെയും ഒരു വലിയ രാഷ്ട്രീയ നോതാവിന്റെ കൈയൊപ്പു കാണാനാവുന്നില്ലേ? അത് ഉമ്മന്‍ ചാണ്ടിയല്ലെങ്കില്‍ പിന്നാര്?

Content Highlights: shashi tharoor political movement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented