തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കണമെന്ന് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍. ക്യാംപസിന് എം.എസ്.ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതികരണമായി ട്വിറ്ററിലാണ് അദ്ദേഹം ഈ അഭിപ്രായം ഉന്നിയിച്ചത്. 

1863-ല്‍ തീരുവനന്തപുരത്ത് ജനിക്കുകയും, സാമൂഹിക പരിഷ്‌കര്‍ത്താവ്, ബാക്ടീരിയോളജിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുകയും ചെയ്ത ഡോ.പല്‍പ്പു എല്ലാക്കാലത്തും തിരുവനന്തപുരം ജില്ലയുടെ ഹീറോയാണ്‌. അതുകൊണ്ടുതന്നെ ക്യാംപസിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. 

ഡോക്ടര്‍ പല്‍പ്പു സിറം തെറാപ്പിയിലും ട്രോപ്പിക്കല്‍ മെഡിസിനിലും പ്രാവീണ്യം നേടിയ വ്യക്തിയാണ്. വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്ന അദ്ദേഹത്തിന് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേരാണ് ക്യാംപസിന് നല്‍കേണ്ടതെന്നും തരൂര്‍ പറഞ്ഞു.

വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളത്. അതേസമയം, രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായുള്ള ബന്ധം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഹിറ്റ്‌ലര്‍ ആരാധകനായ ഗോള്‍വാള്‍ക്കര്‍ ഓര്‍മിക്കപ്പെടേണ്ടത് മതത്തിന് ശാസ്ത്രത്തിനുമേല്‍ മേധാവിത്വം വേണമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിലൂടെ ആകണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Shashi Tharoor On Rajiv Gandhi Institute For Biotechnology Name Allegation