മന്നം ജയന്തി ആഘോഷത്തിൽ ശശി തരൂർ എം.പി സംസാരിക്കുന്നു| ഫോട്ടോ: ഇ.വി രാഗേഷ്
ശശി തരൂരിനെ മന്നം ജയന്തി വേദിയില്‍ എത്തിച്ചതിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടാനൊരുങ്ങുകയാണ് എൻ.എസ്.എസ്. സമീപകാലം വരെ ഉയര്‍ത്തിക്കാട്ടിയ രമേശ് ചെന്നിത്തലയെ തഴഞ്ഞാണ് എൻ.എസ്.എസ്. തരൂരിനെ മുന്നില്‍ നിര്‍ത്തുന്നത്. രാഷ്ട്രീയത്തില്‍ ദൂരസിദ്ധാന്തങ്ങളില്നിന്നും എൻ.എസ്.എസ്. വ്യതിചലിക്കുന്നുവെന്ന് സൂചനയും പുതിയ നീക്കം നല്കുന്നു. 2009-ല്‍ തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാനെത്തുമ്പോള്‍ മലയാളികള്‍ക്ക് അദ്ദേഹം വിശ്വ പൗരനും യു.എന്‍. മുന്‍ അണ്ടര്‍ സെക്രട്ടറിയുമായിരുന്നു. എന്നാല്‍ എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് അദ്ദേഹം ഡല്‍ഹി നായരായി. ഒരിക്കല്‍പോലും എൻ.എസ്.എസിന്റെ പ്രീതിയോ അപ്രീതിയോ പിടിച്ചുപറ്റാന്‍ തരൂര്‍ ഇക്കാലമത്രയും ശ്രമിച്ചില്ല.
കാലം മാറി. കേരള രാഷ്ട്രീയവും. മതവും ജാതിയും രാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെടുന്ന ഇക്കാലത്ത് തരൂരില്‍ വിശ്വഹിന്ദുവിനേയും കോണ്‍ഗ്രസിന്റെ രക്ഷകനേയും കാണുകയാണ് എൻ.എസ്.എസ്. ഡല്‍ഹി നായരില്‍നിന്നു കേരളപുത്രനായ വിശ്വപൗരനിലേക്ക് തരൂര്‍ വേഷപ്പകര്‍ച്ച നടത്തുമ്പോള്‍ മാറുന്നത് എൻ.എസ്.എസിന്റെ മനസ് കൂടിയാണ്. പത്ത് കൊല്ലമായി ഒരു കോണ്‍ഗ്രസ് നേതാവിനും ഔദ്യോഗിക ക്ഷണമില്ലാതിരുന്ന മന്നം ജയന്തിയിലേക്ക് തരൂര്‍ താരപരിവേഷത്തോടെ കടന്നുവന്നത് വലിയ അലയൊലിയുണ്ടാക്കി. 2013-ല്‍ പ്രതിരോധ മന്ത്രിയായിരിക്കെ എ,കെ. ആന്റണി ആയിരുന്നു മന്നം ജന്മദിനത്തിന് പെരുന്നയില്‍ ഔദ്യോഗിക ക്ഷണം ലഭിച്ചെത്തിയ കോണ്ഗ്രസുകാരന്.
കുറക്കാലം സമദൂരമായിരുന്നു എൻ.എസ്.എസിന്റെ രാഷ്ട്രീയ നിലപാട്. പിന്നീടത് ശരിദൂരമായി. അപ്പോഴും കോണ്‍ഗ്രസിനോട് ഒളിവില്‍ സ്നേഹദൂരമായിരുന്നു. സമീപകാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എൻ.എസ്.എസിന് തൊട്ടതൊക്കെ പിഴച്ചു. താക്കോല്‍ സ്ഥാനത്തിരുത്താന് നോക്കിയ രമേശ് ചെന്നിത്തല ഇപ്പോള്‍ എം.എല്‍.എ. മാത്രമാണ്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ വലിയ റോളുമില്ല. ദേശീയതലത്തില്‍ സ്ഥാനമാനങ്ങള്‍ നേടി കരുത്താര്‍ജ്ജിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മോഹന്‍രാജും വട്ടിയൂര്‍ക്കാവില്‍ മോഹന്‍ കുമാറുമായിരുന്നു എൻ.എസ്.എസ്. നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍. ജയിക്കാനായില്ല. പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് പരസ്യമായി സമുദായത്തെ തളളിപ്പറയുന്നു. ഗ്രൂപ്പുകളുടെ നേതാവല്ലെന്ന് സ്വയം സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന സതീശന് താന്‍ ഏതെങ്കിലും സമുദായത്തിന്റെ ലാളന ഏറ്റുവാങ്ങാന്‍ താത്പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കുന്നു. സതീശനില്‍ പെരുന്നയ്ക്ക് താത്പര്യം പോര.
സാമ്പത്തിക സംവരണം നടപ്പാക്കിയെങ്കിലും എൻ.എസ്.എസിന് ഇടതു സര്‍ക്കാരിനോട് പണ്ടേ പഥ്യമില്ല. സമുദായത്തിനോ ജനങ്ങള്‍ക്കോ കമ്യൂണിസം ചേരില്ലെന്ന സമുദയാചര്യന് മന്നത്ത് പത്മനാഭന്റെ അതേ നിലപാടില്‍ തന്നെയാണ് ജി. സുകുമാരന്‍ നായരും. ശബരിമല വിവാദത്തോടെ ഇടതുപക്ഷവുമായി അകല്‍ച്ച കൂടി. നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാത്തതും അകല്‍ച്ച കൂട്ടി. ഇതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പോടെ താരമൂല്യം കൂടിയ ശശി തരൂരിനെ ഒപ്പം നിര്‍ത്തിയുളള അപ്രതീക്ഷിത നീക്കം.
ക്രൈസ്തവ, മുസ്ലീം സമുദായനേതൃങ്ങളുടേയും പിന്തുണ ഇക്കാര്യത്തില്‍ എൻ.എസ്.എസിനുണ്ട്. ഉമ്മന്‍ചാണ്ടി കളമൊഴിഞ്ഞതോടെ നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധിനീക്കാനുളള നേതാവിന്റെ അഭാവം കോണ്‍ഗ്രസില്‍ പ്രകടമാണ്. ആള്‍ക്കൂട്ടങ്ങളുടെ നേതാവായി കെ. സുധാകരനോ വി.ഡി. സതീശനോ മാറുന്നില്ല. ഇവിടെയാണ് നേതൃനിരയിലേക്ക് എൻ.എസ്.എസ്. തരൂരിനെ പ്രതിഷ്ഠിക്കുന്നത്. എ ഗ്രൂപ്പ് തരൂരിന് പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നുണ്ട്. പഴയ ഐ ഗ്രൂപ്പ് നേതാവും ഇപ്പോള്‍ ഉമ്മന്‍ചാണ്ടി വിശ്വസ്തനുമായ കെ. മുരളീധരനും തരൂരിനെ പിന്തുണയ്ക്കുന്നു.
എൻ.എസ്.എസിന്റെ തരൂര്‍ സ്നേഹം കോണ്‍ഗ്രസ് നേതാക്കളില്‍ ആവേശത്തേക്കാള്‍ അങ്കലാപ്പാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്, രമേശ് ചെന്നിത്തല ത്രയങ്ങള്‍ക്ക്. കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന കെ.സി. വേണുഗോപാലിനും മുഖ്യമന്ത്രി കുപ്പായം സ്വപ്നം കാണുന്ന വി.ഡി. സതീശനും എൻ.എസ്.എസ്. വെച്ച തടയാണ് സത്യത്തില്‍ തരൂര്‍. ശബരിമല വിവാദത്തോടെ ബി.ജെ.പിയെ തേടിപ്പോയ സവര്‍ണ ഹിന്ദു വോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ തരൂരിനോളം പോന്ന നേതാവില്ലെന്ന സര്‍ട്ടിഫിക്കറ്റുമുണ്ട്. പരസ്യമായി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയുളള എൻ.എസ്.എസിന്റെ ചുവരെഴുത്ത് അവഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ഇനിയുളള ചോദ്യം
Content Highlights: Shashi Tharoor, NSS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..