തരൂർ കർദിനാളിനെ സഭാ ആസ്ഥാനത്ത് സന്ദർശിച്ചപ്പോൾ | ഫോട്ടോ: മുരളീകൃഷ്ണൻ/ മാതൃഭൂമി
കൊച്ചി: കോണ്‍ഗ്രസിലെ വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ എം.പി. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തിയാണ് തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. തന്റേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് തരൂര്‍ വ്യക്തമാക്കി. അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദപരിപാടിയിലും തരൂര്‍ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് കര്‍ദിനാളിനെ കണ്ടശേഷം തരൂര്‍ പറഞ്ഞു. അതൊഴികെ മറ്റെല്ലാ കാര്യത്തിലും ന്യായം സമരക്കാരുടെ ഭാഗത്താണ്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുവരെ അതുണ്ടാവാത്തതില്‍ ദുഃഖമുണ്ട്. പല വിഷയത്തിലും കാര്യമായ പുരോഗതിയുണ്ടെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

'സമരക്കാരെ വികസനവിരുദ്ധരെന്നും ദേശവിരുദ്ധരെന്നും പറയുന്നത് തെറ്റാണ്. 2018-ലെ പ്രളയത്തില്‍ സ്വന്തം ജീവിതം പണയംവെച്ചാണ് അവര്‍ ജനങ്ങളെ രക്ഷിച്ചത്. 65,000 പേരെ അന്ന് രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടി നമ്മള് എന്ത് ചെയ്തു എന്ന് ചോദിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഇരുഭാഗത്തും തീവ്രനിലപാട് സ്വീകരിക്കരുത് എന്നാണ് എന്റെ അഭ്യര്‍ഥന. സമാധാനമാണ് ആവശ്യം', തരൂര്‍ വ്യക്തമാക്കി.
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ തരൂരിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എന്‍.സി.പിയിലേക്ക് പോവുകയാണെങ്കിലല്ലേ സ്വാഗതം ചെയ്യേണ്ടതുള്ളു എന്ന് ചോദിച്ച തരൂര്‍, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. 'പി.സി. ചാക്കോയോട് ഇഷ്ടവും ബഹുമാനവുമാണ്. മാധ്യമങ്ങള്‍ വഴിയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. എന്നോട് നേരിട്ടൊന്നും പറഞ്ഞിട്ടില്ല', തരൂര്‍ പറഞ്ഞു.
Content Highlights: shashi tharoor mp visits cardinal mar george alencherry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..