തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 32 പ്രതികളെയും ലഖ്‌നൗവിലെ സി.ബി.ഐ. കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍. അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണെന്ന് അദ്ദേഹം ചോദിച്ചു. കുറ്റകൃത്യത്തിനായി പ്രേരിപ്പിക്കുന്നത് കുറ്റമല്ലേയെന്നും തരൂര്‍ ആരാഞ്ഞു. 

ശശി തരൂരിന്റെ ഫെസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണ്?

ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു...

Posted by Shashi Tharoor on Wednesday, 30 September 2020

 

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിങ്, ഉമാഭാരതി എന്നിവരുള്‍പ്പെടെ 32 പ്രതികളെയും വിചാരണക്കോടതി വെറുതേവിട്ടിരുന്നു. പള്ളി പൊളിക്കല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തെളിവായി നല്‍കിയ വീഡിയോ കാസറ്റിലെ ദൃശ്യങ്ങള്‍ വ്യക്തമല്ല. ഫൈസാബാദ് മുന്‍ എം.പി.യും വി.എച്ച്.പി. നേതാവുമായ പ്രതി വിനയ് കത്യാറുടെ വീട്ടില്‍ നടന്ന യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെങ്കിലും അവിടെ നടന്നത് ഗൂഢാലോചനയാണെന്നതിനു തെളിവില്ല. കെട്ടിച്ചമച്ചതും കേടുവരുത്തിയതുമായ വീഡിയോദൃശ്യങ്ങളാണ് സി.ബി.ഐ. നല്‍കിയത്. ഫോട്ടോകളുടെ നെഗറ്റീവ് നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

പ്രതികള്‍ക്ക് നേരിട്ടോ അല്ലാതെയോ അതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സമൂഹവിരുദ്ധരാണ് പള്ളി പൊളിച്ചത്. അകത്ത് രാമവിഗ്രഹമിരിക്കുന്നതിനാല്‍ പൊളിക്കുന്നത് തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് 2,300 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.

Content Highlights: Shashi Tharoor criticises Lucknow special CBI court's verdict over Babri Masjid demolition case