ശശി തരൂർ | File Photo - Mathrubhumi archives
തിരുവനന്തപുരം: പാര്‍ട്ടിസംവിധാനങ്ങള്‍ക്കും രീതിക്കും വിധേയമായിവേണം പ്രവര്‍ത്തിക്കാനെന്ന് ശശി തരൂരിനോട് കോണ്‍ഗ്രസ് നിര്‍ദേശിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന അച്ചടക്കസമിതി ഇതുസംബന്ധിച്ച ശുപാര്‍ശ കെ.പി.സി.സി. പ്രസിഡന്റിന് നല്കാന് തീരുമാനിച്ചു.
ഏതു പരിപാടിക്കുമുള്ള ക്ഷണം പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ശശി തരൂരിനു സ്വീകരിക്കാം. അതില്‍ പങ്കെടുക്കുകയും ചെയ്യാം. എന്നാല്‍, പരിപാടി നടക്കുന്ന ജില്ലയിലെ ഡി.സി.സി. അറിയണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിര്‍ന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ട്. ഇപ്പോള്‍ തരൂര്‍ നടത്തിയതു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ല. എന്നാല്‍, ബന്ധപ്പെട്ട പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമെന്നും വിഭാഗീയ പ്രവര്‍ത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളില്‍വരെ സൃഷ്ടിച്ചു.
ഈ സാഹചര്യത്തിലാണു കത്ത് നല്കാന് അച്ചടക്ക സമിതി തീരുമാനിച്ചത്. തരൂരിന്റെ മലബാര്‍ പര്യടനവും മറ്റും സമാന്തര പ്രവര്‍ത്തനമാണെന്ന ചിന്തയുണ്ടാക്കാന് ഇടയായെന്ന് അച്ചടക്കസമിതി വിലയിരുത്തി. പര്യടനത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ കെ.പി.സി.സി. അച്ചടക്ക സമിതിക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേര്‍ന്നത്. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനം വിളിച്ചെങ്കിലും കൂടുതല്‍ മാധ്യമവ്യാഖ്യാനങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
നിരീക്ഷിച്ച് നേതൃത്വം
തരൂരിന്റെ പിന്നില്‍ മറ്റ് അജന്‍ഡകളുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നു. ദേശീയ നേതൃത്വവും തരൂരിന്റെ നീക്കങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയാണ്. ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയതിന്റെ ഭാഗമായല്ല തരൂര്‍ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഇതാണ് സംസ്ഥാന നേതാക്കള്‍ക്ക് സംശയത്തിന്റെ പുരികമുയരാന് കാരണം. ഇതേസമയം, താന്‍ നേതൃത്വം പിടിച്ചെടുക്കാനും ഗ്രൂപ്പുണ്ടാക്കാനുമൊന്നും ഇല്ലെന്ന് തരൂര്‍ വ്യക്തമാക്കുന്നു.
തരൂരിന് കൊച്ചിയില്‍ വേദിയുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ്
കൊച്ചി: ശശി തരൂരിനായി കൊച്ചിയില്‍ വേദിയൊരുക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ്. സംഘടനയുടെ സംസ്ഥാന സമ്മേളന വേദിയിലാണ് ദേശീയ ചെയര്‍മാനായ ശശി തരൂര്‍ മുഖ്യപ്രഭാഷകനായി എത്തുന്നത്. തിരുവനന്തപുരത്ത് നേരത്തേ നടത്താന്‍ ആലോചിച്ചിരുന്ന സമ്മേളനം നേതാക്കളുടെയും മറ്റും അസൗകര്യംകാരണം കൊച്ചിയിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. സമ്മേളനം ശക്തിപ്രകടനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.
27-ന് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെയാണ് ഉദ്ഘാടകനായി ക്ഷണിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സമ്മേളനത്തില്‍ എത്തുന്നുണ്ടെങ്കിലും വൈകീട്ട് നടക്കുന്ന ലീഡേഴ്സ് മീറ്റിനാണ് സതീശനെ ഉദ്ഘാടകനായി ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയകാര്യങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡോ. എസ്.എസ്. ലാല്‍ വിശദീകരിച്ചു.
ചര്‍ച്ചചെയ്യണം-ബെന്നി ബെഹനാന്
കോണ്‍ഗ്രസില്‍നിന്ന് ആരെയും അകറ്റിനിര്‍ത്തരുതെന്ന് ബെന്നി ബെഹനാന് എം.പി. തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് പൊതുസമൂഹത്തിന് സംശയമുണ്ടെങ്കില്‍ നേതൃത്വം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Shashi Tharoor Congress KPCC disciplinary committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..